ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ‘അരങ്ങ് 2025’ സംഘടിപ്പിച്ചു
text_fieldsടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ മലയാളം ക്ലബ്ബ് ‘അരങ്ങ് 2025’ എന്ന പേരിൽ ജിദ്ദയിൽ
സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചവർ
ജിദ്ദ: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനം ‘അരങ്ങ് 2025’ എന്ന പേരിൽ ജിദ്ദയിൽ സംഘടിപ്പിച്ചു.
പരിപാടികളിലെ മുഖ്യയിനമായിരുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരം ജിദ്ദയിലെ വിവിധ മേഖലകളിൽനിന്നുള്ള മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രസംഗം, നർമ പ്രസംഗം, വിലയിരുത്തൽ, നിമിഷ പ്രഭാഷണം (ടേബിൾ ടോപ്പിക്കുകൾ) എന്നീ നാലിനങ്ങളിൽ നടന്ന മത്സരങ്ങൾ ഭാഷയുടെ ഒഴുക്കും ഓജസും സൗന്ദര്യവും സദസിനെ അനുഭവിപ്പിക്കാൻ പര്യാപ്തമായിരുന്നു.
നർമ പ്രസംഗത്തിലും മൂല്യനിർണയത്തിലും നിമിഷ പ്രഭാഷണത്തിലും യഥാക്രമം, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടി.എം. സഹീർ അബ്ദുൽ ഖാദർ നർമത്തിൽ ചാലിച്ച തന്റെ പ്രഭാഷണശൈലി കൊണ്ട് വേറിട്ടു നിന്നു. പിയോ ആന്റണി തന്റെ വാക്ചാതുര്യവും മൂല്യനിർണയവൈഭവവും കൊണ്ട് വിധികർത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു. അദ്ദേഹം മൂല്യനിർണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിലും ഒന്നാം സ്ഥാനവും ടേബിൾ ടോപ്പിക്കുകളിൽ രണ്ടാം സ്ഥാനവും നർമ്മ പ്രസംഗത്തിൽ മൂന്നാം സ്ഥാനവും നേടി.
ടേബിൾ ടോപ്പിക്കുകളിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടിയ സന്തോഷ് അബ്ദുൾകരീമിന്റെ സ്വാഭാവികവും കരുത്തുറ്റതുമായ ആശയാവിഷ്കാരരീതി ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു.
ഉജ്ജ്വലമായ അവതരണത്തിലൂടെ സദസ്സിലാകെ ചിരിപടർത്തിയ റിസാന മണപ്പാട്ടിൽ നർമ്മ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂല്യനിർണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിലും മൂന്നാം സ്ഥാനം നേടിയ കെ.എം. ബഷീറിന്റെ പ്രകടനം അത്യാകർഷകമായിരുന്നു.
മത്സര നടപടികൾ സമർത്ഥമായി നിയന്ത്രിച്ച ചെയർമാൻ ടി.എം വെഞ്ഞാറമൂട് പരിപാടിയുടെ ആദ്യാവസാനം സദസ്സിന്റെ സജീവത നിലനിർത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. പരിപാടിയുടെ ഏകോപനം ബഷീർ അമ്പലവൻ നിർവഹിച്ചു.
റാഷിദലി, അസൈൻ ഇല്ലിക്കൽ, ഡോ. രാജു, സജി കുര്യാകോസ് എന്നിവരായിരുന്നു മുഖ്യ വിധികർത്താക്കൾ. കൃപ നാട്ടിന്റെ നേതൃത്വത്തിൽ ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങൾ യോഗപരിപാടികളുടെ സംഘാടനം മികവുറ്റതാക്കി. മലയാള ഭാഷയുടെയും കേരളത്തനിമയുടെയും മഹിമയും പഴമയും വിളിച്ചോതുന്ന സംഘഗാനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ എന്നിവ അരങ്ങിനു മിഴിവേകി. ഗൃഹാതുരത്വമുണർത്തുന്ന വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു. ക്ലബ് പ്രസിഡന്റ് സഹീർ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

