ടി.കെ.എം സ്മാഷ് 25 സീസൺ ടു; ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
text_fieldsടി.കെ.എം സ്മാഷ് 25 സീസൺ ടു ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽനിന്ന്
റിയാദ്: കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് സൗദി അലുംനി ചാപ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ടൂർണമെന്റ് സമാപിച്ചു. ‘സിന്മാർ ടി.കെ.എം. സ്മാഷ് 25 സീസൺ ടു’ എന്ന പേരിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ടൂർണമെന്റിന്റെ ലോഗോ ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപാണ് പ്രകാശനം ചെയ്തത്.
മുഖ്യാതിഥിയായ കേരള സംസ്ഥാന ബാഡ്മിന്റൺ അണ്ടർ 13 ചാമ്പ്യൻ ഹനിൻ റഹ്മാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സിന്മാർ പ്രധിനിധി ബിനോജ്, കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ, ടി.കെ.എം. സൗദി അലുമ്നി പ്രസിഡന്റ് ശ്രീഹരി, കെ.ഇ.എഫ് വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, എം.എ.ആർ പ്രൊജക്ടസ് എം.ഡി അൻവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.19 എൻജിനീയറിങ് കോളജ് അലുമ്നികളിൽനിന്നും 120 കളിക്കാർ പങ്കെടുത്ത മത്സരങ്ങൾക്കൊടുവിൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുംനി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
രണ്ടാം സ്ഥാനം തിരുവനന്തപുരം സി.ഇ.റ്റി അലുമ്നിയും മൂന്നാം സ്ഥാനം കുസാറ്റ് അലുമ്നിയും നേടി. ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫിയും വിവിധ വ്യക്തിഗത മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത അണ്ടർ 11 & 13 കേരള ബാഡ്മിന്റൺ ജേതാവ് ഇമ്മാനുവൽ സാജി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എമെർജിങ് പ്ലെയർ പുരസ്കാരം എം.ഇ.സ് അലുമ്നി അംഗം അംസിക്ക് സമ്മാനിച്ചു.
സിന്മാർ സി.ഇ.ഒ അനിൽകുമാർ, അൾട്രാ ട്രീറ്റ്മെന്റ് എം.ഡി. സതീഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെന്റിൽ വിവിധ സേവനങ്ങൾ ചെയ്തവർക്കുള്ള ഫലകങ്ങൾ വിതരണം ചെയ്തു. ടി.കെ.എം. അലുമ്നികളുടെ ചിത്രകലാപ്രദർശനവും കുടുംബാംഗങ്ങളുടെ ഫേസ് പെയിന്റിങ്ങും, മെഹന്ദിയും കുട്ടികളുടെ വെൽക്കം ഡാൻസും ഫ്ലാഷ് മോബും കേരള വിഭവങ്ങളുടെ സ്റ്റാൾ ഓലപ്പീടികയും ടൂർണമെന്റിന് പകിട്ടേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

