Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എൻ രക്ഷാസമിതി...

യു.എൻ രക്ഷാസമിതി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം​ -സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
യു.എൻ രക്ഷാസമിതി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം​ -സൗദി വിദേശകാര്യ മന്ത്രി
cancel

ജിദ്ദ: ഐക്യരാഷ്​ട്ര സഭയുടെ രക്ഷാസമിതി എന്തിനാണോ സ്ഥാപിക്കപ്പെട്ടത്​ ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയമാണിതെന്ന്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. പലസ്തീൻ വിഷയം ഉൾപ്പെടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച്​ രക്ഷാസമിതിയുടെ ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് കക്ഷിയും സിവിലിയന്മാരെ ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കും. ​സൈനിക നടപടിയും കൊലപാതകവും അവസാനിപ്പിക്കേണ്ടതി​ന്റെയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെയും അന്താരാഷ്​ട്ര നിയമങ്ങൾ പാലിക്കേണ്ടതി​ന്റെയും ആവശ്യകത സൗദി എല്ലാ​വരെയും ഓർമിപ്പിക്കുകയാണ്​. ആക്രമണം തടയുന്നതിന്​ അടിയന്തരവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിന് സൗഹൃദ രാജ്യങ്ങളുമായി ആശയവിനിമയം നടത്താൻ സൗദി നേതൃത്വം തീവ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

പൊതുവായ മാനുഷിക സിദ്ധാന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്​ട്ര സമൂഹം പരാജയപ്പെടുന്നതിൽ സൗദിയുടെ കടുത്ത നിരാശ അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ബന്ധങ്ങളെയും അവയുടെ സമാധാനപരമായ സഹവർത്തിത്വത്തെയും നിയന്ത്രിക്കുന്ന പൊതുവായ മാനുഷിക സിദ്ധാന്തങ്ങളും അന്താരാഷ്​ട്ര നിയമങ്ങളും കൈകാര്യം ചെയ്യുന്നതിലും ഫലസ്​തിനീലെ നിരപരാധികളായ ജനങ്ങ​ളോട്​ കാണിച്ച ചതികൾ കാണാൻ കഴിയാത്തതിലുമുള്ള അന്താരാഷ്​ട്ര സമൂഹത്തി​ന്റെ പരാജയത്തിൽ ഞങ്ങൾക്ക്​ വലിയ നിരാശയുണ്ട്​.

ഗസ്സയിലെ ഫലസ്തീൻ ജനത ഇസ്രായേൽ ഉപരോധത്തിലും തുടർച്ചയായ ആക്രമണത്തിലും ദുരിതമനുഭവിക്കുകയാണ്​. സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സിവിലിയൻ സൗകര്യങ്ങളും ദൈനംദിന ജീവിത സൗകര്യങ്ങളുമാണ്​ ഇസ്രായേൽ സേന ലക്ഷ്യമിടുന്നത്. ഇത് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കാനിടയാക്കി. പതിനായിരക്കണക്കിന് ആളുകൾക്ക്​ പരിക്കേറ്റു.

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയും നിർബന്ധിതമായി കുടിയിറക്കാനുള്ള ശ്രമങ്ങളും ഉടൻ തടയാനുള്ള അന്താരാഷ്​ട്ര സമൂഹത്തി​ന്റെ അലംഭാവമാണ്​ ഇതുവരെ കണ്ടത്​​. ഇത്​ നാമെല്ലാവരും ആഗ്രഹിക്കുന്ന സുരക്ഷിതത്വത്തിലേക്കും സ്ഥിരതയിലേക്കും നമ്മളെ നയിക്കില്ല. രക്ഷാസമിതി അതി​ന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്രായേൽ ലംഘനങ്ങൾ തടയുന്നതിനും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഉപരോധം അവസാനിപ്പിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹം ഉറച്ചതും ഗൗരവമേറിയതുമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്​. സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും ഉപരോധം അവസാനിപ്പിക്കാനും മാനുഷിക ദുരന്തം തടയാനും ആക്രമണം വ്യാപിക്കുന്നത്​ തടയാനും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ സഹായങ്ങൾ ദ്രുതഗതിയിൽ എത്തിക്കുന്നത്​ ഉറപ്പാക്കാനും എത്രയും​ വേഗം ശ്രമക്കേണ്ടതുണ്ടെന്നും വിദേശകാര്യ മ​ന്ത്രി പറഞ്ഞു.

ഇസ്രായേൽ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്​ട്ര നിയമ സംവിധാനങ്ങളുടെയും അതി​​ന്റെ സംരക്ഷകരുടെയും വിശ്വാസ്യത, സമാധാനം കൈവരിക്കാനുള്ള കഴിവ്​ എന്നിവയിൽ സംശയമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

യു.എൻ നിയമങ്ങളും പ്രമേയങ്ങളും പാലിക്കുന്നതിലെ ഇരട്ടത്താപ്പാണ്​ നിലവിലെ അപകടകരമായ പ്രതിസന്ധിക്ക്​ കാരണം. ഇത്​ അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള എല്ലാവരുടെയും കഴിവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയുടെ മെച്ചപ്പെട്ട ഭാവിക്കാണ്​​ ഞങ്ങൾ പ്രവർത്തിക്കുന്നത്​. അതിലെ ജനങ്ങൾ സമാധാനം ആസ്വദിക്കണമെന്നാണ്​ ആഗ്രഹിക്കുന്നത്​. എല്ലാവർക്കും അഭിവൃദ്ധി കൈവരിക്കാൻ ഇത്​ സഹായിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കേണ്ടത് ഈ മേഖലയിലെ ജനങ്ങൾക്കും അവരുടെ ഭാവി തലമുറകൾക്കും അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യമന്ത്രി ത​ന്റെ പ്രസംഗത്തിനൊടുവിൽ സൂചിപ്പിച്ചു.

ഫോ​ട്ടോ: ഐക്യരാഷ്​ട്ര സഭയുടെ രക്ഷാസമിതി ഉന്നതതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictun security councilsaudi foreign minister
News Summary - Time for UN Security Council to take responsibility -Saudi Foreign Minister
Next Story