‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം ഇന്ന്
text_fieldsമക്ക: പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) സംഘടിപ്പിക്കുന്ന 'തിലാവ-2026' അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. ഖുർആൻ പാരായണത്തിെൻറ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
മദ്റസ, റീജ്യൻ, ചാപ്റ്റർ, നാഷനൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ മികച്ച പ്രതിഭകളാണ് അന്താരാഷ്ട്ര ഫൈനലിൽ മാറ്റുരയ്ക്കുന്നത്. നൂതനമായ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണത്തെ മത്സരം ക്രമീകരിച്ചിരിക്കുന്നത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഓരോ വിഭാഗത്തിനും പ്രത്യേക സൂറത്തുകൾ നേരത്തെ തന്നെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ശബ്ദസൗന്ദര്യത്തിന് പുറമെ തജ്വീദ് നിയമങ്ങൾ, മഖ്റജ് (അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം), പാരായണ ശൈലി എന്നിവയാണ് വിധിനിർണയത്തിൽ പ്രധാനമായും പരിഗണിക്കുക.
അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക നേതാക്കളും മത്സരത്തിന് സാക്ഷ്യം വഹിക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ ഖുർആൻ വിജ്ഞാന പദ്ധതികളിലൊന്നായി ‘തിലാവ’ മാറിക്കഴിഞ്ഞതായി ഐ.സി.എഫ്. ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

