സൗദിയിൽ പഴുതടച്ചുള്ള മയക്കുമരുന്ന് വേട്ട: 27 കിലോ ഹാഷിഷുമായി രണ്ട് യമനികൾ പിടിയിൽ
text_fieldsജിദ്ദ: രാജ്യത്ത് മയക്കുമരുന്ന് കള്ളക്കടത്തും വിപണനവും തടയുന്നതിനായി സൗദി അറേബ്യ ശക്തമായ പരിശോധന തുടരുന്നു. ഇതിെൻറ ഭാഗമായി അസീർ മേഖലയിൽ നടത്തിയ തെരച്ചിലിൽ 27 കിലോയിലധികം ഹാഷിഷുമായി രണ്ട് യമൻ സ്വദേശികളെ റോഡ് സുരക്ഷക്കായുള്ള പ്രത്യേക സേന പിടികൂടി.
സുരക്ഷാ വിഭാഗങ്ങൾ ഏകോപിപ്പിച്ചു നടത്തുന്ന പഴുതടച്ചുള്ള നിരീക്ഷണങ്ങളാണ് വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുക്കാൻ സഹായിച്ചത്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക അതോറിറ്റിക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ സുരക്ഷയും പൊതുജനാരോഗ്യവും മുൻനിർത്തി, ലഹരിക്കടത്ത് പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം ഈ ലഹരി വിരുദ്ധ ദൗത്യം ശക്തമാക്കിയിരിക്കുന്നത്.
മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്നവർക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. കൂടാതെ, അതിർത്തികളിലൂടെയുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഇറക്കുമതി-കയറ്റുമതി മേഖലകളിൽ കസ്റ്റംസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999, 995 എന്നീ നമ്പറുകളിലും വിളിച്ച് വിവരങ്ങൾ കൈമാറാവുന്നതാണ്. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

