തൃശൂർ ജില്ല സൗഹൃദവേദി ഓണാഘോഷം
text_fieldsജിദ്ദ തൃശൂർ ജില്ല സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിന്ന്
ജിദ്ദ: സൗദിയിലും ഖത്തറിലും സജീവമായി പ്രവർത്തിക്കുന്ന തൃശൂർ സ്വദേശികളുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദവേദിയുടെ ജിദ്ദ ഘടകം വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഹറാസാത് യാസ്മിൻ വില്ലയിൽ നടന്ന പരിപാടിയിൽ കേരളത്തിലെ സാംസ്കാരിക നഗരമായ തൃശൂരിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പൂരത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നെറ്റിപ്പട്ടവും ആലവട്ടവും മുത്തുക്കുടയുമേന്തിയ ഗജവീരൻ ചെണ്ട, കുഴൽ, ഇലത്താളം തുടങ്ങിയവയാൽ അലംകൃതമായിരുന്നു വേദി.
ജിദ്ദ തൃശൂർ ജില്ല സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിന്ന്
വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച തൃശ്ശിവപേരൂരിന്റെ ആഘോഷം ചെണ്ടമേളം, പുലികളി, മുത്തുക്കുടകൾ, പൂത്താലമേന്തിയ ബാലികമാരും സ്ത്രീകളും എന്നിവയാൽ മഹാബലിയെ വരവേറ്റു. ഷാജു കാച്ചപ്പിള്ളിയാണ് മഹാബലിയായി വേഷമിട്ടത്. വേദിയിൽ വനിതവേദിയുടെ തിരുവാതിര, സത്യൻ നായർ നേതൃത്വം നൽകിയ സംഘഗാനം, ബാലികമാരുടെ നൃത്തനൃത്യങ്ങൾ, ഷാലുവിന്റെ നേതൃത്വത്തിൽ പുരുഷന്മാരുടെ കൈകൊട്ടിക്കളി, സൗഹൃദവേദി കുടുംബിനികളുടെ കോമഡി സ്കിറ്റ്, ഗായിക ഗായകന്മാരുടെ ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി.
കൾച്ചറൽ സെക്രട്ടറി കിരൺ കലാനിയും സുവിജ സത്യനും കലാപരിപാടികൾക്ക് നേതൃത്വം നൽകി, ഷിംല ഷാലു പരിപാടിയുടെ അവതാരികയായിരുന്നു. ജിജോ കണ്ണൂക്കാടന്റെയും ഷിനോജ് അലിയാറിന്റെയും നേതൃത്വത്തിൽ വടംവലി ഉൾപ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
സാംസ്കാരിക സദസ്സിന് ചെയർമാൻ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബീന പരീത് ഓണസന്ദേശം നൽകി. രക്ഷാധികാരി ശരീഫ് അറക്കൽ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റും ജിദ്ദ കേരള പൗരാവലി ചെയർമാനുമായ കബീർ കൊണ്ടോട്ടി, കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട്, ഒ.ഐ.സി.സി റീജനൽ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവർ ആശംസകൾ നേർന്നു.
2026 വർഷത്തേക്കുള്ള ജിദ്ദ തൃശൂർ ജില്ല സൗഹൃദവേദി അംഗത്വ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം ആരിഫിൽ നിന്നും അംഗത്വ അപേക്ഷ സ്വീകരിച്ച് ചടങ്ങിൽ നിർവഹിച്ചു. ജനറൽ കൺവീനർ ഷാന്റോ ജോർജ് സ്വാഗതവും പാപ്പൂ ജോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

