Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃക്കാക്കര ഫലം: ആറാടി...

തൃക്കാക്കര ഫലം: ആറാടി പ്രവാസലോകവും

text_fields
bookmark_border
തൃക്കാക്കര ഫലം:  ആറാടി പ്രവാസലോകവും
cancel
camera_alt

ഉമ തോമസിന്റെ വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് ജിദ്ദ റുവൈസിൽ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ മധുരം വിതരണം ചെയ്യുന്നു

റിയാദ്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ആറാടി യു.ഡി.എഫ് അനുകൂലികളായ പ്രവാസികളും. സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലുള്ള ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകരെല്ലാം പുലർച്ചെ ആദ്യ ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾതന്നെ അവരവരുടെ കേന്ദ്രങ്ങളിൽ ആഹ്ലാദാരവങ്ങൾ തുടങ്ങിയിരുന്നു. രണ്ടര മണിക്കൂർ വൈകിയാണ് സൗദിയിൽ രാവ് പുലരുന്നതിനാൽ പ്രവാസികൾ ഉണരുമ്പോഴേക്കും വ്യക്തമായ ഫലസൂചനകൾ വന്നുകഴിഞ്ഞിരുന്നു. ഇടതനുകൂലികളുടെ പ്രവാസകേന്ദ്രങ്ങളിൽ മ്ലാനത ഘനീഭവിച്ചപ്പോൾ ഉമ തോമസ് ഓരോ തവണയും ലീഡുയർത്തുമ്പോൾ യു.ഡി.എഫ് അനുകൂലികൾ ഉത്സവത്തിലാറാടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിൽ വിവിധ പ്രവാസി സംഘടനകൾ പ്രതികരിച്ചു.

വിഭാഗീയത സൃഷ്ടിച്ച് വോട്ടു നേടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി -പ്രവാസി

ജുബൈൽ: വിവിധ മതവിഭാഗങ്ങളിൽ വിഭാഗീയത സൃഷ്ടിച്ചും പ്രീണിപ്പിച്ചും വോട്ട് നേടാനുള്ള സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ശ്രമങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജുബൈൽ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തെ സാമ്പത്തികമായും പ്രകൃതിപരമായും തകർക്കുന്ന കെ-റെയിൽ പദ്ധതി ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് യു.ഡി.എഫിന് ലഭിച്ച ആധികാരിക വിജയം.

സംഘ്പരിവാർ രാഷ്ട്രീയത്തെ ജനങ്ങൾ വെറുത്തതിന്റെ മികച്ച ഉദാഹരണം കൂടിയാണ് തൃക്കാക്കര ഫലം നൽകുന്ന സൂചന. റീജനൽ പ്രസിഡന്റ് ഫൈസൽ കോട്ടയം, ജനറൽ സെക്രട്ടറി നസീർ ഹനീഫ, വനിതാ പ്രസിഡന്റ് ഫിദ നസീഫ, സെക്രട്ടറി സിബി നസീർ എന്നിവർ അറിയിച്ചു.

യു.ഡി.എഫ് വിജയത്തിൽ ജിദ്ദയിൽ ആഘോഷം

ജിദ്ദ: തൃക്കാക്കരയിൽ ഉമ തോമസ് കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജിദ്ദയിൽ ആഹ്ലാദപ്രകടനവും ആഘോഷവും നടന്നു. റുവൈസിൽ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ മധുരം വിതരണംചെയ്തു. കോൺഗ്രസിന്റെ ഐക്യത്തിനും പി.ടി. തോമസിന്റെ നിലപാടുകൾക്കും യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് വിജയമെന്ന് ഒ.ഐ.സി.സി, കെ.എം.സി.സി കമ്മിറ്റികൾ വിലയിരുത്തി.

പിണറായി സർക്കാറിന്റെ വിനാശ വികസനങ്ങൾക്കെതിരെയും വർഗീയ പ്രതിലോമ രാഷ്ട്രീയത്തിന് അന്ത്യംകുറിച്ച തൃക്കാക്കരയിലെ പ്രബുദ്ധ ജനത യു.ഡി.എഫിന് നൽകിയ ഉജ്ജ്വല വിജയത്തിന് പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.

സാഹോദര്യത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ കേരളത്തിന്റെ സാമൂഹിക ചട്ടക്കൂടിന് ഭീകരമായി പരിക്കേൽപിക്കുന്ന വർഗീയ വംശീയ രാഷ്ട്രീയമാണ് ഇപ്പോൾ കേരളത്തിൽ കൊഴുത്തുകൊണ്ടിരിക്കുന്നത്. തൃക്കാക്കരയിലും പ്രതിലോമ രാഷ്ട്രീയവുമായാണ് സി.പി.എം തെരഞ്ഞെടുപ്പിലിറങ്ങിയത്.

ജാതി, മത, സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കാനാവില്ലെന്ന് മധുരവിതരണത്തിന് നേതൃത്വം നൽകി ഒ.ഐ.സി.സി നേതാക്കളായ മജീദ് ചേറൂരും റസാഖ് പുതിയങ്ങാടിയും അഭിപ്രായപ്പെട്ടു. കെ.എം.സി.സി നേതാക്കളായ സലീം കരിപ്പോൾ, സലാം കുണ്ടൂർ, ഒ.ഐ.സി.സി പ്രവർത്തകരായ കെ.ടി. അക്ബർ, ഹബീബ് കൊളപ്പുറം, ഇസ്മാഈൽ ചെമ്മാട്, ഷമീൽ മലപ്പുറം, കെ.പി. സുബൈർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മധുരം വിതരണം ചെയ്തത്.

ഉപതെരഞ്ഞെടുപ്പ് വിജയം സാങ്കേതികം മാത്രം –ജിദ്ദ നവോദയ

ജിദ്ദ: ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണെന്നും യു.ഡി.എഫ് വിജയം വെറും സാങ്കേതികം മാത്രമാണെന്നും ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. ഇടതു മുന്നണിയുടെ രാഷ്ട്രീയാടിത്തറ തൃക്കാക്കരയിൽ ദൃഢമായി തന്നെയുണ്ട്. വോട്ട് ശതമാനവും ലഭിച്ച വോട്ടിന്റെ വർധനവും അതാണ് കാണിക്കുന്നത്.

ബി.ജെ.പിയുടെ വോട്ടിൽ ഉണ്ടായിട്ടുള്ള കുറവും ട്വന്റി20 പോലുള്ള സംഘടനകൾ യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയും പരാജയ കാരണമായി. ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് സർക്കാറിന്റെ വികസന അജണ്ട മുന്നോട്ടുവെച്ചാണ്. പരമ്പരാഗതമായി യു.ഡി.എഫിന്റെ ഉറച്ച മണ്ഡലത്തിൽ ഈ അജണ്ട ജനങ്ങളിലേക്ക് എത്തിക്കാൻകഴിഞ്ഞു എന്നത് ഒരു രാഷ്ട്രീയ വിജയമാണ്.

വരുംദിവസങ്ങളിൽ ഇത് കേരളീയസമൂഹം ചർച്ച ചെയ്യപ്പെടും. കൂടുതൽ കരുത്തോടെ ഇടതുമുന്നണി മുന്നോട്ടുപോകുമെന്നും ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

വലിയ സന്ദേശം നൽകുന്ന വിജയം -റിയാദ് ഒ.ഐ.സി.സി

റിയാദ്: സാമുദായികമായി മനുഷ്യരെ വിഭജിച്ച് അധികാരം കൈയാളാമെന്ന പിണറായിയുടെ ഏറ്റവും ഹീനമായ തന്ത്രമാണ് തൃക്കാക്കരയിലെ ജനങ്ങൾ പൊളിച്ചത്. അധികാരത്തിന്റെ അഹന്തയിൽ ജനാധിപത്യത്തെ പുറംകാലുകൊണ്ട് തട്ടിയതിനുള്ള ജനങ്ങളുടെ തിരിച്ചടി വലിയ സന്ദേശമാണ് നൽകുന്നത്.

ജാതിയും മതവും നോക്കി സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് ഒരു മുന്നണിയും മേലിൽ മുതിരാത്ത തരത്തിലാണ് തൃക്കാക്കരയിലെ ജനങ്ങൾ പ്രതികരിച്ചതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

റി​യാ​ദി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി

ബത്ഹയിലെ സഫാ മക്ക ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ വൈസ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. റസാഖ് പൂക്കോട്ടുംപാടം, മജീദ് ചിങ്ങോലി, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, മുഹമ്മദലി മണ്ണാർക്കാട്, യഹ്‌യ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാടുകുന്ന്, ഷഫീഖ് കിനാലൂർ, സിദ്ദീഖ് കല്ലുപറമ്പൻ, സജീർ പൂന്തുറ, ഷാനവാസ് മുനമ്പത്ത്, ശിഹാബ് മുനമ്പത്ത്, മഹമൂദ് വയനാട്, സലീം ആർത്തിയിൽ, സകീർ ദാനത്, അബ്ദുൽകരീം കൊടുവള്ളി, സജിത്ത് ലത്തീഫ്, ജെറിൻ കൊല്ലം, സ്വാമിനാഥൻ, സലാം ഇടുക്കി, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, സത്താർ കായംകുളം, അജയൻ ചെങ്ങന്നൂർ, കുഞ്ഞുമോൻ കൃഷ്ണപുരം. ജനറൽ സെക്രട്ടറി സ്വാഗതവും സെക്രട്ടറി നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു. ലഡു വിതരണം ചെയ്തു.

മുടന്തൻ വികസനത്തിനും വർഗീയതക്കും ജനങ്ങളുടെ ചുട്ട മറുപടി -ഒ.ഐ.സി.സി

യാംബു: ഉമ തോമസിന്റെ മിന്നുന്ന വിജയം കേരള സർക്കാറിന്റെ മുടന്തൻ വികസന നയത്തിനെതിരെയുള്ള ജനങ്ങളുടെ ചുട്ട മറുപടിയാണെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പുതിയ കോൺഗ്രസ് നേതൃനിരയിൽ ജനങ്ങൾക്കുണ്ടായ ആത്മവിശ്വാസവും ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നേറിയാൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉന്നതനേട്ടം കരസ്ഥമാക്കാൻ കഴിയുമെന്ന വസ്തുതയും വെളിവാക്കുന്നതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന്റെ ജാതിമത വർഗീയതയുടെ പ്രചാരണം ജനങ്ങളിൽ മടുപ്പുളവാക്കിയിട്ടുണ്ട്.

കെ.വി. തോമസിനെ പോലുള്ളവരുടെ കൊഴിഞ്ഞുപോക്കും ഇടതുപക്ഷ പാളയത്തിൽ ചേരലും കോൺഗ്രസിനെ ഒരർഥത്തിൽ ശക്തിപ്പെടുത്തുകയാണുണ്ടായത്.

മുഖ്യമന്ത്രി ഉൾപ്പെടെ ഭരണകൂടം മുഴുവനും ഇടതുപക്ഷ നേതാക്കളും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്നു മുതൽ തൃക്കാക്കരയിൽ തമ്പടിച്ച് പ്രവർത്തിച്ചിട്ടുപോലും വോട്ടിങ് ശതമാനം കൂട്ടാനോ വിജയിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ് യാഥാർഥ്യം.

കേരള പ്രേദേശ് കോൺഗ്രസിന്റെ പുതിയ നേതൃനിരയുടെ കൂട്ടായ പ്രവർത്തനത്തിനും ഒ.ഐ.സി.സിയുടെ നേതാക്കളും പ്രവർത്തകരും തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് ഈ വലിയ വിജയത്തിന്റെ ഭാഗമായതിലും സൗദി നാഷനൽ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് ശങ്കർ എളങ്കൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

യു.ഡി.എഫ് വിജയം പിണറായിക്കുള്ള താക്കീത് -മദീന ഒ.ഐ.സി.സി

മദീന: പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ഏറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലെ യു.ഡി.എഫ് വിജയമെന്നും ഒറ്റക്കെട്ടായി നിന്നാൽ കോൺഗ്രസിനെ ഒരുശക്തിക്കും തോൽപ്പിക്കാൻ കഴിയില്ലെന്നും മദീന ഒ.ഐ.സി.സി കമ്മിറ്റി അറിയിച്ചു.

തൃക്കാക്കരയിൽ യു.ഡി.എഫ് വിജയത്തിൽ വിജയാഹ്ലാദം പ്രകടിപ്പിച്ച് മദീന ഒ.ഐ.സി.സി പ്രവർത്തകൾ മധുരം വിതരണം ചെയ്തപ്പോൾ

ഇനി കെ-റെയിലിന്റെ പേരുംപറഞ്ഞ് മഞ്ഞക്കുറ്റിയുമായി ജനങ്ങളുടെ അടുക്കളയിലേക്ക് കയറിയാൽ മുമ്പ് ശംഖുമുഖം കടപ്പുറത്ത് പിണറായിക്ക് നേരിടേണ്ടി വന്നതിനേക്കാൾ വലിയ ജനരോഷം നേരിടേണ്ടിവരുമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഹമീദ് പെരുംപറമ്പിൽ, മുജീബ് ചെനാത്ത്, ബഷീർ പുൽപള്ളി, ഫൈസൽ അഞ്ചൽ, ഹിഫ്സുറഹ്‌മാൻ, അയൂബ് കൊല്ലം, ആദിൽ ചടയമംഗലം തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് വിജയത്തിൽ മദീന ഒ.ഐ.സി.സി പ്രവർത്തകർ മധുരം വിതരണംചെയ്തു.

'അധികാര ധാർഷ്ട്യത്തിന് എതിരായ ജനവിധി'

ജുബൈൽ: പിണറായി സർക്കാറിന്റെ അധികാര ധാർഷ്ട്യത്തിനെതിരെയുള്ള ജനവിധിയാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് ഒ.ഐ.സി.സി ജുബൈൽ ഘടകം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ക്രമസമാധാന തകർച്ച, അഴിമതി, സ്വജനപക്ഷപാതം, കെ-റെയിൽ, സ്ത്രീവിരുദ്ധത, വർഗീയപ്രീണനം തുടങ്ങിയ ഭരണവൈകല്യങ്ങൾക്കെതിരെ തൃക്കാക്കരയിലെ ജനാധിപത്യ വിശ്വാസികൾ യു.ഡി.എഫിന് നൽകിയ മിന്നും വിജയം സമാനതകളില്ലാത്തതാണ്.വിധി കോൺഗ്രസിനും യു.ഡി.എഫിനും ഒരു പാഠമാണെന്ന് നേതാക്കളായ അഷറഫ് മൂവാറ്റുപുഴ, ശിഹാബ് കായംകുളം, നൂഹ് പാപ്പിനിശ്ശേരി, വിൽ‌സൺ തടത്തിൽ, നജീബ് നസീർ എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakkara by election
News Summary - Thrikkakara result: Six worlds of exile
Next Story