ജുബൈലിൽ മൂന്ന് ഹ്രസ്വ ചിത്രങ്ങൾ ഒരുങ്ങുന്നു
text_fieldsശാമിൽ ആനിക്കാട്ടിലിെൻറ പുതിയ ഹ്രസ്വ ചിത്രങ്ങളുടെ ഔദ്യോഗിക അനാച്ഛാദന ചടങ്ങിൽനിന്ന്
ജുബൈൽ: 60-ഓളം കലാകാരന്മാർക്ക് അവസരമൊരുക്കി മൂന്ന് ഹ്രസ്വ ചിത്രങ്ങൾ ജുബൈലിൽ ഒരുങ്ങുന്നു.
പ്രവാസി കലാകാരൻ ശാമിൽ ആനിക്കാട്ടിൽ സംവിധാനം ചെയ്യുന്ന വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന മൂന്ന് ഹ്ര്വസ്വ ചിത്രങ്ങളുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. എൽ.ഒ.ഇ മീഡിയയുടെ ബാനറിൽ ‘ലീയുടെ തിരുമുറിവ്’, ‘ഫൂലാംബ്’, ‘ലവ്ജൻ’ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ ഔദ്യോഗിക അനാച്ഛാദനവും ആദ്യ ക്ലാപ്പും ക്ലാസിക് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു.
സ്വിച്ച് ഓൺ കർമം റാഷിദ് റഹ്മാൻ നിർവഹിച്ചു. ഓരോ ചിത്രത്തിന്റെയും ആദ്യ ക്ലാപ്പുകൾ ശിഹാബ് കായംകുളം (ഒ.ഐ.സി.സി), ബഷീർ വെട്ടുപാറ (കെ.എം.സി.സി), ജുബൈലിലെ പ്രമുഖ വ്യവസായി മജീദ് ചാലിയം, ശിഹാബ് മങ്ങാടൻ (ഗൾഫ് മാധ്യമം), അജ്മൽ സാബു എന്നിവർ നിർവഹിച്ചു. സംവിധായകൻ ശാമിൽ ആനിക്കാട്ടിൽ പ്രോജക്ടിനെ കുറിച്ച് വിശദീകരിച്ചു. വിവിധ വേഷങ്ങളിലായി 60ഓളം കലാകാരന്മാർ അഭിനയിക്കും. ഇതിൽനിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഭിനേതാക്കൾക്ക് അടുത്ത് തന്നെ കേരളത്തിലെ ഒരു മികച്ച ബാനറിന് കീഴിൽ താൻ സംവിധാനം ചെയ്യുന്ന ബിഗ് സ്ക്രീൻ ചിത്രത്തിൽ മികച്ച വേഷങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് ചിത്രങ്ങളുടെ അണിയറയിൽ യാസർ മണ്ണാർക്കാട്, ബഷീർ മാറാടി, മജീദ് കൊട്ടളത്ത്, ഇല്യാസ് മുല്യകുറിശി, അജ്മൽ പർവീൻ, ഷാനവാസ്, എ.കെ. റഹീസ്, സതീഷ് കുമാർ തുടങ്ങിയവരാണ് പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിൽ 17ന് തുടങ്ങും.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കേരളത്തിൽനിന്നും വിദഗ്ധരായ ടീമുകൾ നിർവഹിക്കും. ശാമിൽ ആനിക്കാട്ടിലിന്റെ മുൻ ചിത്രമായ ‘ആൻ’ മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് മികച്ച സംവിധായകനടക്കമുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

