ഭീകരവാദത്തിന് ധനസഹായം, ഭീകരർക്ക് അഭയം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ഭീകരർക്ക് ഒളിത്താവളമൊരുക്കുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഖസീം പ്രവിശ്യയിലായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന സൗദി ഗവൺമെൻറിന്റെ ഉറച്ച നിലപാടിന്റെ ഭാഗമായാണ് ഈ നടപടി.
റയ്യാൻ ബിൻ യൂസഫ് ബിൻ ഇബ്രാഹിം അൽ ദുബൈഖി, മുഹമ്മദ് ബിൻ സുലൈമാൻ ബിൻ മുഹമ്മദ് അൽ തുവൈനി, അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ അഹമ്മദ് അൽ അയിരി എന്നീ മൂന്ന് സ്വദേശി പൗരന്മാരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളിൽ അംഗങ്ങളാവുകയും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു, സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കൈവശം വെക്കുകയും ചെയ്തു, ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു, ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തവർക്കും നടപ്പാക്കിയവർക്കും ഒളിത്താവളം ഒരുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങൾ.
സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയും വിശദമായ അന്വേഷണത്തിൽ കുറ്റങ്ങൾ തെളിയുകയും ചെയ്തു. തുടർന്ന് കേസ് പ്രത്യേക കോടതിയിലേക്ക് കൈമാറി. കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയും മേൽക്കോടതികൾ അത് ശരിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിക്ഷ നടപ്പാക്കാൻ രാജകൽപന പുറപ്പെടുവിക്കുകയായിരുന്നു. നീതി നടപ്പാക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ശരീഅ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

