സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് മൂന്നു മത്സരങ്ങൾ
text_fieldsജിദ്ദ: സിഫ് ഈസ് ടി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് രാത്രി ഒമ്പതു മണിക്ക് നടക്കുന്ന എ ഡിവിഷൻ മത്സരത്തിൽ എൻ കംഫർട്ട് എ.സി.സി എ, പവർ ഹൗസ് മഹ്ജർ എഫ്.സി ടീമുകൾ ഏറ്റുമുട്ടും. ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളുടെ വലിയ നിരതന്നെ ഇരു ടീമുകൾക്കുമായി കളത്തിലിറങ്ങുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഇന്നത്തെ കളിയിലെ പരാജയം ടൂർണമെന്റിൽനിന്ന് പുറത്തേക്കുള്ള വഴി തുറന്നേക്കുമെന്നതുകൊണ്ട് എ.സി.സി എ ടീം ജയിക്കാനുറച്ചു തന്നെയാകും കളത്തിലിറങ്ങുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന എ.സി.സി എയുടെ പ്രതിരോധനിര ഫോമിലേക്കുയർന്നാൽ മഹ്ജർ എഫ്.സിക്ക് കാര്യങ്ങൾ കടുപ്പമാകും. ആദ്യ മത്സരത്തിൽ മുൻ സിഫ് ചാമ്പ്യന്മാരെ തകർത്ത ആത്മ വിശ്വാസവുമായി വരുന്ന മഹ്ജർ എഫ്.സി ടീമിലെ മുൻ ഐ.എസ്.എൽ താരങ്ങളെ പിടിച്ചുകെട്ടാൻ എ.സി.സി നന്നേ വിയർക്കേണ്ടിവരുമെന്നുറപ്പ്.
വൈകീട്ട് 6.45ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സോക്കർ ഫ്രീക്സ് ജൂനിയർ, ജെ.എസ്.സി അക്കാദമിയെ നേരിടും. 7.45ന് രണ്ടാം മത്സരത്തിൽ ബി ഡിവിഷനിൽ മക്ക ബി.സി.സി ബവാദി, എഫ്.സി ബ്ലൂസ്റ്റാർ സീനിയേഴ്സുമായാണ് മത്സരം. കാണികൾക്കായുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് പദ്ധതി ഇന്നും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

