മക്കയിലും മദീനയിലുമായി മൂന്ന് മലയാളി ഹജ്ജ് തീർഥാടകർ മരിച്ചു
text_fieldsഅലവിക്കുട്ടി, മുഹമ്മദ് കുഞ്ഞ് എന്ന ബുഖാരി, സുബൈർ അബ്ദല്ല
മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മൂന്ന് ഹജ്ജ് തീർഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി പാച്ചേരി അലവിക്കുട്ടി (61) ആണ് മദീനയില്‍ വെച്ച് മരിച്ചത്. വ്യാഴാഴ്ച്ച അസർ നമസ്കാര സമയം മസ്ജിദുന്നബവിയിൽ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള അൽസലാം ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീന ഹജജ് നിർവഹിക്കാനായി ഇദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.
തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിം മൻസിൽ മുഹമ്മദ് കുഞ്ഞ് എന്ന ബുഖാരി (70) മക്കയിൽ മരിച്ചു. ഭാര്യ ശംസാദ് ബീഗം, മകളും പ്രമുഖ ഗസല്‍ ഗായികയുമായ ഇംതിയാസ് ബീഗം എന്നിവരോടൊപ്പമാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കാനെത്തിയത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
കാസർകോട് ആലമ്പാടി റഷീദ് മൻസിലിൽ സുബൈർ അബ്ദുല്ല (50) ആണ് മരിച്ച മറ്റൊരാൾ. ഇദ്ദേഹം മക്കയിൽ വെച്ചാണ് മരിച്ചത്. അബ്ദുല്ല ഹാജി-ബീപാത്തുമ്മ ദമ്പതികളുടെ മകനാണ്. മാതാവൊന്നിച്ച് ഹജ്ജിനെത്തിയതായിരുന്നു.
ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതനായ ഇദ്ദേഹത്തെ ഹജ്ജ് ദിനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെ മക്കയിലെ അൽനൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

