മൂന്ന് മലപ്പുറം സ്വദേശികൾ ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതരായി
text_fieldsറസാഖ് ദേവർതൊടിക, പ്രസാദ്, ഷാജഹാൻ
റിയാദ്: മലപ്പുറം ജില്ലക്കാരായ മൂന്ന് പ്രവാസികൾ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതരായി. വണ്ടൂർ സ്വദേശി ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54), പെരിന്തൽമണ്ണ സ്വദേശി പ്രസാദ് (57) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി മരിച്ചത്. ജോലിസ്ഥലത്തും താമസസ്ഥലത്തുമായി അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാനെ കഴിഞ്ഞ ദിവസം താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തി തുടർന്ന് തൊഴിലുടമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.
പരേതനായ ഹബീബിെൻറയും സുഹ്റയുടെയും മകനാണ്. ഭാര്യ: റിൻഷ, മക്കൾ: ഫാത്തിമ നദ. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന എടക്കര സ്വദേശി റസാഖ് ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ കുഞ്ഞാലെൻറയും കുഞ്ഞിപ്പാത്തുവിെൻറയും മകനാണ് റസാഖ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ.
ഹൗസ് ഡ്രൈവറായിരുന്ന പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പ്രസാദിനെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസർ വിവരമറിയിച്ചതനുസരിച്ച് എത്തിയ റെഡ് ക്രസൻറും പൊലീസുമാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അനിരുദ്ധ്. പിതാവിെൻറ മരണവിവരമറിഞ്ഞ് ദമ്മാമിൽ ജോലി ചെയ്യുന്ന അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. പൊലീസ് നടപടികൾക്ക് ശേഷം റസാഖിെൻറയും പ്രസാദിെൻറയും മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവർക്കൊപ്പം മറ്റ് ഭാരവാഹികളായ ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര, ഷബീർ കളത്തിൽ, ജുനൈദ് ഓമച്ചപ്പുഴ, ഷംസു വടപുരം, ജാഫർ എമാടൻ എന്നിവരും പരേതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

