ജിസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് നിസ്സാര പരിക്ക് - സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsറിയാദ്: ജിസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെ രണ്ട് ആക്രമണങ്ങൾ ഉണ്ടായതായും മൂന്ന് പേർക്ക് നിസ്സാര പരിക്കേൽക്കുന്നതിനും ഭൗതിക നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.തിങ്കളാഴ്ച വൈകുന്നേരമാണ് ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുംനജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ രണ്ട് ആക്രമണങ്ങൾ ഉണ്ടായത്. അംഗീകൃത നടപടിക്രമങ്ങളും പ്ലാനുകളും അനുസരിച്ച് അടിയന്തര സേനയും ബന്ധപ്പെട്ട അധികാരികളും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ കൈകാര്യം ചെയ്തു. ഈ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആവശ്യമായ വൈദ്യസഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും ഭദ്രതയും നിലനിർത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി നിരന്തരമായ ഏകോപനത്തോടെ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
അതേസമയം, ജിസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന രണ്ട് ആക്രമണങ്ങളെ ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. വിമാനത്താവളങ്ങളും സിവിലിയൻ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത് ഗുരുതരവും അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനവുമാണെന്നും ഇത് സാധാരണക്കാരുടെ സുരക്ഷക്കും വ്യോമഗതാഗത ത്തിന്റെ സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയോടൊപ്പം ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും, അതിർത്തികളുടെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അൽബുദൈവി പറഞ്ഞു. സിവിലിയൻ, സുപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

