സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മൂന്നു കളികൾ
text_fieldsജിദ്ദ: സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗിൽ വെള്ളിയാഴ്ച മൂന്നു കളികൾ. രാത്രി ഒമ്പതിന് നടക്കുന്ന എ ഡിവിഷൻ മത്സരത്തിൽ ചാംസ് സബീൻ എഫ്.സി പ്രിൻറക്സ് റിയൽ കേരള എഫ്.സിയെ നേരിടും. വൈകീട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് എലൈറ്റ് ബദർ അൽ തമാം ടാലൻറ് ടീൻസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഗസ്റ്റോ റസ്റ്റാറൻറ് ജിദ്ദ എഫ്.സി, ഫ്രൈഡേ ഫ്രണ്ട്സ് ജിദ്ദ ജൂനിയറിനെ നേരിടും. സന്തോഷ് ട്രോഫി താരങ്ങളും ഐ.എസ്.എൽ കളിക്കാരുമടക്കം വൻ താരനിര ഇരുഭാഗത്തും അണിനിരക്കുന്ന എ ഡിവിഷൻ മത്സരത്തിൽ സ്ഥിരവൈരികളായ ചാംസ് സബീൻ എഫ്.സിയും റിയൽ കേരളയും തമ്മിലുള്ള മത്സരം തീപാറുമെന്നുറപ്പ്. ആദ്യ മത്സരത്തിൽ മഹ്ജർ എഫ്.സിയോട് പരാജയമറിഞ്ഞ സബീൻ എഫ്.സിക്ക് ഫലം അനുകൂലമായില്ലെങ്കിൽ മുന്നോട്ടുള്ള വഴി തുലാസിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ ആദ്യ മിനിറ്റ് മുതൽതന്നെ ആക്രമിച്ചു കളിക്കുകയെന്നതാവും തന്ത്രം. തോൽവി അറിയാതെ ആത്മവിശ്വാസത്തോടെ സെമി ഫൈനൽ എന്ന ലക്ഷ്യത്തിനായി റിയൽ കേരളയും വരുമ്പോൾ ഫുട്ബാൾ പ്രേമികൾക്ക് ശക്തമായ മത്സരം ഉറപ്പ്. കാണികൾക്കായി ആകർഷകമായ സമ്മാനങ്ങൾ ഈ ആഴ്ചയും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.

