പ്രവാസത്തിൽ മൂന്നുപതിറ്റാണ്ടത്തെ ആതുരശുശ്രൂഷ: ഡോ. മറിയം മടങ്ങുന്നു
text_fieldsഡോ. മറിയം ഭർത്താവ് ഡോ. ഷാഹിദിനൊപ്പം
ദമ്മാം: സൗദി അറേബ്യയിലെ വിവിധ ആശുപത്രികളിലായി മൂന്നു പതിറ്റാണ്ട് നീണ്ട സേവനത്തിനു ശേഷം മലയാളികളുടെ ജനപ്രിയ ഡോക്ടർ മറിയം മടങ്ങുന്നു. ദേശഭേദമില്ലാതെ ദമ്മാമിലെ കുട്ടികളൂടെ പ്രിയപ്പെട്ട ഡോക്ടർ ആയി അറിയപ്പെടുന്ന മറിയം തൃശൂർ പറവട്ടാനി ഓവുങ്കൽ കുടുംബാംഗമാണ്. കൊൽക്കത്ത മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും ശിശുരോഗചികിത്സയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മറിയം 15 വർഷം കൊൽക്കത്തയിലും കേരളത്തിലുമുൾെപ്പടെ വിവിധ ആശുപത്രികളിൽ ജോലിചെയ്ത ശേഷമാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്.
യു.പി സ്വദേശിയും അൽറൗദ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റുമായ ഭർത്താവ് ഷാഹിദ് ആലത്തോടൊപ്പം 30 വർഷം മുമ്പാണ് ഡോ. മറിയം സൗദിയിൽ ദമ്മാമിലെത്തിയത്. ആറു വർഷം ഖത്വീഫിലെ ആശുപത്രിയിൽ ജോലിചെയ്തു. പിന്നീട് ദമ്മാം ഡിസ്പെൻസറിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഏറെ ഇഷ്ടപ്പെട്ട പ്രവാസത്തിൽനിന്ന് കരൾ പറിച്ചെടുത്താണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഡോ. മറിയം പറഞ്ഞു. ഹൃദ്യമായ ഒരുപാട് സൗഹൃദങ്ങളെ തന്നത് പ്രവാസമാണ്.
താനിപ്പോൾ ശുശ്രൂഷിച്ചുകൊണ്ടിരുന്നത് മൂന്നാം തലമുറയിലെ കുട്ടികളെയാണ്. കൈക്കുഞ്ഞായിരുന്നപ്പോൾ താൻ ചികിത്സിച്ച പലരും അവരുടെ കുട്ടികളുമായി തന്നെ കാണാൻ വരുന്നു എന്നതുതന്നെയാണ് ഈ മേഖലയിൽ തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഡോ. മറിയം പറഞ്ഞു. കുഞ്ഞുങ്ങളോട് ഇടപെട്ട് ചിരിമായാത്ത മുഖമായിപ്പോയി തനിക്കെന്ന് തോന്നിയിട്ടുണ്ട്. രക്ഷിതാക്കളുടെ ആശങ്ക അകറ്റുകയും സമാധാനത്തോടെ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുമാണ് താൻ പിന്തുടരാറെന്നും അവർ പറഞ്ഞു.
അനാവശ്യമായി മരുന്നുകൾ നൽകി കുട്ടികളെ ചികിത്സിക്കാനും തയാറായിട്ടില്ല. മൂന്നു മക്കളെയും ഡോക്ടറാക്കാൻ സാധിച്ചതും അവർക്ക് ഡോക്ടർമാരായ ഇണകളെ കണ്ടെത്താൻ സഹായിച്ചതും പ്രവാസ ബന്ധങ്ങളാണ്. കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ ജോലിചെയ്യാൻ സാധിച്ചത് കരുത്താർജിക്കാൻ സഹായിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഗർഭിണികളും പ്രസവുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു. ഏതാണ്ട് 10 വർഷത്തിലധികം നീണ്ട ഈ പരിചയം ഗൈനക്കോളജിയിലും ശോഭിക്കാൻ ഡോ. മറിയമിനെ സഹായിച്ചിട്ടുണ്ട്.
എയർഫോഴ്സ് കമാൻഡന്റായിരുന്ന ഒ.എൽ. ചാക്കോയുടേയും മറിയാമ്മ നെയ്റോലിപ്പാറയുടേയും മകളായ മറിയം പഠനകാലത്ത് ഇസ്ലാം ആശ്ലേഷിക്കുകയായിരുന്നു. ഡോ. ഷാഹിദ് ആലമിനെ പിന്നീട് വിവാഹം കഴിച്ചു. മതപരിവർത്തനമുണ്ടായെങ്കിലും തന്റെ കുടുംബത്തിൽനിന്ന് മറിയം വിട്ടുപോയിരുന്നില്ല. മാതാപിതാക്കളോടൊപ്പംതന്നെയാണ് കഴിഞ്ഞത്.
വിവാഹ ശേഷവും ഇരു കുടുംബങ്ങളും സഹോദരങ്ങളും ബന്ധുക്കളുമായുമെല്ലാം സാധാരണപോലെ ബന്ധം തുടരാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്നും ഡോ. മറിയം പറയുന്നു.
മൂത്തമകൻ അബൂബക്കറും ഭാര്യ നൂറി ഖാലിദും വയനാട് ഫാത്തിമ മാതാ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നൂ.
രണ്ടാമത്തെ മകൾ സൈനബ് മൻസൽ കേച്ചേരിയിൽ ഡോക്ടറാണ്. അവരുടെ ഭർത്താവ് ഷമീർ ജർമനിയിലാണ്. മൂന്നാമത്തെ മകൻ മുഹമ്മദ് അബ്ദുൽ ഹലീം ആസ്റ്റർ മിംസ് ആശുപത്രിയിലും ഭാര്യ ഹസീന മൈത്രി ആശുപത്രിയിലും ഡോക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

