കേളി ഹുത്ത യൂനിറ്റ് ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി
text_fieldsകേളി ഹുത്ത ബനീ തമീം യൂനിറ്റ് ഇഫ്താർ വിരുന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹുത്ത യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി. ഹുത്ത ബനീ തമീമിലെ പുതിയ പാർക്കിൽ (മന്തസൽ ബരി) ഒരുക്കിയ ഇഫ്താറിൽ ഹുത്തയിലെ മുൻസിപ്പാലിറ്റി ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ വിവിധ തസ്തികയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാർ, ഹുത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ, പ്രാദേശിക സംഘടനാഭാരവാഹികൾ, തദ്ദേശീയരും പ്രവാസികളുമായ പൗരപ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.
കുടുംബങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചിരുന്നു. റിയാദിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് ജാതി മത ഭാഷാ രാഷ്ട്രഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി.
ചെയർമാൻ സിദ്ധിഖ്, കൺവീനർ നിയാസ്, ഭക്ഷണ കമ്മിറ്റി കൺവീനർ അമീൻ നാസർ, ഗതാഗത കൺവീനർ കെ.എസ്. മണികണ്ഠൻ, ശ്യാംകുമാർ, അബ്ദുൽസലാം, വളന്റിയർ ക്യാപ്റ്റൻ സി. മജീദ് തുടങ്ങിയ 51 അംഗ സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. നൗഷാദ്, താജുദീൻ, നിയാസ്, അമീൻ, ശ്യാം, ഡി. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം പാചകം ചെയ്താണ് ഇഫ്താർ വിരുന്നൊരുക്കിയത്. അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ ലിപിൻ പശുപതി, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ, ഏരിയ പ്രസിഡന്റ് ഷബി അബ്ദുൽ സലാം, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ സമദ്, രമേശ്, ഏരിയ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡന്റുമായ സജീന്ദ്ര ബാബു, ഏരിയ ജോയന്റ് ട്രഷററും യൂനിറ്റ് ട്രഷററുമായ രാമകൃഷ്ണൻ, യൂനിറ്റ് സെക്രട്ടറി ഉമർ മുക്താർ തുടങ്ങിയവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.