Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ വർഷത്തെ കിങ് ഫൈസൽ...

ഈ വർഷത്തെ കിങ് ഫൈസൽ അന്താരാഷ്​ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഈ വർഷത്തെ കിങ് ഫൈസൽ അന്താരാഷ്​ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
cancel
camera_alt

ഈ വർഷത്തെ കിങ്​ ഫൈസൽ അവാർഡുകൾ ​പ്രഖ്യാപിക്കുന്നു

റിയാദ്: 2026-ലെ കിങ് ഫൈസൽ അന്താരാഷ്​ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. റിയാദിലെ അമീർ സുൽത്താൻ ഗ്രാൻറ് ഹാളിൽ നടന്ന ചടങ്ങിൽ കിങ് ഫൈസൽ സെൻറർ ഫോർ റിസർച്ച് ആൻഡ് ഇസ്‍ലാമിക് സ്​റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി ബിൻ ഫൈസലി​െൻറ സാന്നിധ്യത്തിൽ കിങ് ഫൈസൽ അവാർഡ് സെക്രട്ടറി ജനറൽ ഡോ. അബ്​ദുൽ അസീസ് അൽസബീൽ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

അവാർഡ്​​ ജേതാക്കൾ

ജനുവരി അഞ്ച് മുതൽ ഏഴ് വരെയുള്ള കാലയളവിൽ, ഇസ്‌ലാമിക സേവനം, ഇസ്‍ലാമിക പഠനങ്ങൾ, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലായി പ്രത്യേക കമ്മിറ്റികൾ നടത്തിയ യോഗങ്ങളിലാണ്​ ഈ വർഷത്തെ അവാർഡ് ജേതാക്കളുടെ നിർണയം പൂർത്തിയാക്കിയത്.

ഇസ്​ലാമിക സേവന പുരസ്​കാരം

ഇസ്‌ലാമിക സേവനത്തിനുള്ള കിങ് ഫൈസൽ അവാർഡിന്​ സൗദി പൗരനായ ശൈഖ് അബ്​ദുൽ ലത്തീഫ് അൽഫൗസാൻ, ഈജിപ്തിലെ അൽഅസ്ഹർ സർവകലാശാലയിലെ ഡോ. മുഹമ്മദ് മുഹമ്മദ് അബു മൂസ എന്നിവർ അർഹരായി. ജീവകാരുണ്യപ്രവർത്തനങ്ങളും ‘അജ്‌വാദ് എൻഡോവ്‌മെൻറ്​’ സ്ഥാപിക്കുന്നതിൽ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ്​ ശൈഖ് അബ്​ദുൽ ലത്തീഫ് അൽഫൗസാന് അവാർഡ് സമ്മാനിക്കുന്നത്.

നിരവധി ഇസ്‍ലാമിക രാജ്യങ്ങളിൽ കേന്ദ്രങ്ങൾ, പള്ളികൾ, കിണറുകൾ, സ്‌കൂളുകൾ, വിദ്യാർഥി എൻഡോവ്‌മെൻറുകൾ എന്നിവ സ്ഥാപിക്കൽ, സ്ത്രീകൾ, കുട്ടികൾ, പുനരധിവാസം, ഓട്ടിസം എന്നിവക്കായി കേന്ദ്രങ്ങൾ സ്ഥാപിക്കൽ, അൽഫൗസാൻ അക്കാദമി വഴി ലാഭേച്ഛയില്ലാത്ത മേഖലയിലെ യോഗ്യരായവർക്കുള്ള സഹായം, അൽഫൗസാൻ ഇൻറർനാഷനൽ അവാർഡ് ഫോർ മോസ്‌ക് ആർക്കിടെക്ചർ, ‘മോസ്ക്പിഡിയ’ എന്നിവയുടെ സമാരംഭം എന്നിവ അവാർഡിന് അർഹനാക്കിയതിലുൾപ്പെടുന്നു.

അറബിക് പ്രഭാഷണ ചാതുരി, പൈതൃക സംരക്ഷണം, സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തൽ, ഖുർആനെക്കുറിച്ച് 30-ലധികം പുസ്തകങ്ങളിലൂടെ നൽകിയ സമ്പന്നമായ പണ്ഡിത സംഭാവനകൾ, അൽഅസ്ഹർ സർവകലാശാലയിലെ പണ്ഡിത സഭയിലെ പങ്കാളിത്തം, ക്ലാസിക്കൽ ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നതിനും യുവാക്കളിൽ സാംസ്കാരിക ഐഡൻറിറ്റി വളർത്തുന്നതിനുമായി നൂറുകണക്കിന് പണ്ഡിത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ മാനിച്ചാണ്​ ഡോ. മുഹമ്മദ് മുഹമ്മദ് അബു മൂസയെ അവാർഡിന്​ പരിഗണിച്ചത്​.

ഇസ്​ലാമിക പഠന പുരസ്​കാരം

ഇസ്‍ലാമിക പഠനമേഖലയിൽ ‘ഇസ്‍ലാമിക ലോകത്തിലെ വ്യാപാര പാതകൾ’ എന്ന വിഷയത്തിൽ, ഈജിപ്തിലെ ഫയൂം സർവകലാശാലയിലെ ഡോ. അബ്​ദുൽ ഹമീദ് ഹുസൈൻ ഹമൂദ, ജോർഡാനിലെ ഹാഷിമൈറ്റ് സർവകലാശാലയിലെ ഡോ. മുഹമ്മദ് വാഹിബ് ഹുസൈൻ എന്നിവർ പുരസ്​കാരം പങ്കിട്ടു.

ഇരുവരും ഇസ്​ലാമിക ലോകത്തെ കര, കടൽ വ്യാപാര പാതകൾ രേഖപ്പെടുത്തുന്നതിൽ വിശകലന പഠനങ്ങളെയും കൃത്യമായ പുരാവസ്തു സർവേകളെയും ആശ്രയിച്ച്​ നടത്തിയ ആഴത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണിത്. മനുഷ്യവിജ്ഞാനത്തിന് സഹായകമായ ഒരു സമഗ്ര അക്കാദമിക് റഫറൻസ് സൃഷ്​ടിക്കുന്നതിന്​ ഇവരുടെ ശ്രമഫലങ്ങൾ സഹായിച്ചു.

അറബി ഭാഷ, സാഹിത്യ പുരസ്​കാരം

അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള പുരസ്​കാരം ‘ഫ്രഞ്ച് ഭാഷയിലെ അറബി സാഹിത്യം’ എന്ന വിഷയത്തിൽ ഫ്രാൻസിലെ എക്സ് മാർസെയിൽ സർവകലാശാലയിൽനിന്നുള്ള പ്രഫസർ പിയറി ലാർച്ചറിന് ലഭിച്ചു. ‘മുഅല്ലഖാത്തി’​െൻറയും ഇസ്‍ലാമിന്​ മുമ്പുള്ള കാലഘട്ടത്തിലെ കവിതയുടെയും മികച്ച ശാസ്ത്രീയ സമീപനത്തിലൂടെയും ഗുണനിലവാരമുള്ള വിവർത്തനങ്ങളിലൂടെയും ഫ്രഞ്ച് വായനക്കാർക്ക് അറബി സാഹിത്യം അവതരിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ്​ ഈ പുരസ്​കാരം.

വൈദ്യശാസ്​​ത്ര പുരസ്​കാരം

വൈദ്യശാസ്ത്ര മേഖലയിൽ ‘പൊണ്ണത്തടി ചികിത്സകളിലെ സ്വാധീനമുള്ള കണ്ടെത്തലുകൾ’ എന്ന വിഷയത്തിൽ അമേരിക്കയിലെ റോക്ക്ഫെല്ലർ സർവകലാശാല പ്രഫസർ സ്വെറ്റ്‌ലാന മൊയ്‌സോവക്കാണ് അവാർഡ്. പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള ആധുനിക ചികിത്സകളുടെ വികസനത്തിന് കാരണമായ ഇൻസുലിൻ സ്രവത്തെ ഉത്തേജിപ്പിക്കുന്നതിൽ ജി.എൽ.പി-വൺ എന്ന ഹോർമോണി​െൻറ കണ്ടുപിടുത്തത്തിനും നടത്തിയ മികച്ച പ്രവർത്തനത്തിനാണ് അവാർഡ്. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനുമുള്ള ആധുനിക ചികിത്സകളുടെ വികസനത്തിന് സംഭാവന നൽകി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്ത ഒരു ചികിത്സാ മാറ്റം കൊണ്ടുവന്നു.

ശാസ്ത്ര പുരസ്​കാരം

ശാസ്​ത്ര മേഖലയിൽ പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിൽ ചിക്കാഗോ സർവകലാശാലയിലെ പ്രഫസറായ കാർലോസ് കെന്നിഗിന്​​ (യു.എസ്​.എ) ലഭിച്ചു. ഗണിതശാസ്ത്ര വിശകലനത്തിനും രേഖീയമല്ലാത്ത ഭാഗിക ഡിഫറൻഷ്യൽ സമവാക്യങ്ങൾക്കും നൽകിയ മികച്ച സംഭാവനകൾക്കാണ് അവാർഡ്.

അവാർഡ്​ ജേതാക്കളെ കിങ് ഫൈസൽ ജനറൽ സെക്രട്ടേറിയേറ്റ് അഭിനന്ദനങ്ങൾ അറിയിച്ചു. അവാർഡ്​ നിർണയ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ജഡ്ജിങ്​ കമ്മിറ്റികൾക്കും വിദഗ്ധർക്കും ശാസ്ത്ര സ്ഥാപനങ്ങൾക്കും നന്ദിയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAward WinnersKing Faisal International Awards
News Summary - This year's King Faisal International Award winners announced
Next Story