തിരുവനന്തപുരം സ്വദേശി ദമ്മാമിൽ കൊല്ലപ്പെട്ടു
text_fieldsഅശോക് കുമാർ
ദമ്മാം: സ്വദേശി യുവാവുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ദമ്മാം ബാദിയയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കൊലപാതകത്തിന് കാരണമായ സംഭവം ഉണ്ടാവുന്നത്.
സ്വദേശി പൗരനുമായുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിനെയും തുടർന്ന് സ്റ്റെയർകെയ്‌സ് പടികളിൽ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്. യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്തു. ഏഴ് വർഷമായി ദമ്മാമിന് സമീപം ഖത്തീഫിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ സംഭവസ്ഥലത്ത് എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. ഖത്തീഫിലുള്ള ഇദ്ദേഹം ദമ്മാം ബാദിയയിൽ എന്തിന് പോയി എന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്കും വ്യക്തമായ ധാരണയില്ല.
അശോകകുമാർ സുന്ദരേശൻ നായർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. രണ്ട് വർഷം മുമ്പാണ് അഖിൽ നാട്ടിലെത്തി വിവാഹിതനായത്. അഖിലിനോടൊപ്പം സന്ദർശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശും ബന്ധുക്കളും ദമ്മാമിലെത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മരണാന്തര നിയമനടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

