തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ഓണാഘോഷം
text_fieldsതിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ഓണാഘോഷത്തിൽ സംഘാടകർ
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ (ട്രിവ) ‘ആർപ്പോ ഇർറോ ട്രിവോണം 2023’ എന്ന പേരിൽ ഓണം ആഘോഷിച്ചു. അൽ വലീദ് ഇസ്തിറാഹയിൽ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷത്തിന് തുടക്കമായി. ചെണ്ടമേളം, പുലികളി, ശിങ്കാരിമേളം, തിരുവാതിരക്കളി തുടങ്ങിയ കേരളത്തനിമ വിളിച്ചോതുന്ന നിരവധി കലാരൂപങ്ങൾ അരങ്ങേറി. ട്രിവ ചെയർമാൻ രവി കാരക്കോണം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നാസർ കല്ലറ അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ ബോബി സെബാസ്റ്റ്യൻ, ശ്രീലാൽ സുഗതകുമാർ, ട്രഷറർ മാഹീൻ കണിയാപുരം എന്നിവർ സംസാരിച്ചു. അൻസാർ വടശ്ശേരിക്കോണം അവതാരകനായി.
ദേവിക നൃത്ത കലാക്ഷേത്രയുടെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും മേളം റിയാദ് ടാക്കീസിന്റെ ചെണ്ടമേളവും പുലികളിയും ജോസ് ആൻറണിയുടെ മാവേലി വേഷവും ആഘോഷത്തിനു മാറ്റുകൂട്ടി. നാടൻപാട്ടുകളും സിനിമാഗാനങ്ങളും ഉൾപ്പെടെ കോർത്തിണക്കിയ സൗണ്ട്സ് ലൈൻ ഡിജിറ്റൽ മീഡിയയുടെ പാട്ടുമേളവും സദസ്സിനെ ആവേശത്തിലാഴ്ത്തി.
തുടർന്ന് നടത്തിയ വടംവലി, കലമുടക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, ലെമൺ സ്പൂൺ റേസ് എന്നീ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഉച്ചക്ക് 12ഓടെ ആരംഭിച്ച ആഘോഷം രാത്രി ഒമ്പതോടെ സമാപിച്ചു. എക്സിക്യൂട്ടിവ് മെംബർമാരായ അരുൺ കാരക്കോണം, നവാസ് ചവർകോട്, സജീർ പൂന്തുറ, സജീവ് സ്വാമിനാഥൻ, ഓണാഘോഷ കമ്മിറ്റി മെംബർമാരായ അംജത് സമദ് കണിയാപുരം, അനസ്, കിരൺ രാജ് കൊറ്റാമം, വിജയൻ നെയ്യാറ്റിൻകര, വിജേഷ് ബാൽരാജ് കാരക്കോണം, വിനോദ് തുടങ്ങിയവർ ട്രിവ കുടുംബങ്ങൾക്ക് സ്നേഹോപഹാരം കൈമാറി. കൺവീനർ ആരോമൽ ആരുമാനൂർ സ്വാഗതവും ജോയൻറ് കൺവീനർ നിസാം വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

