തിയറ്ററുകളിൽ നിറഞ്ഞോടി തിരിമാലി; ആഹ്ലാദത്തിൽ അഡ്വ. ജോസഫ് മാത്യു
text_fieldsഅഡ്വ. ജോസഫ് മാത്യു
ദമ്മാം: നാട്ടിലെ തിയറ്ററുകളിൽ രണ്ടാം വാരവും പിന്നിട്ട് പ്രദർശനം തുടരുന്ന 'തിരിമാലി' എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അഡ്വ. ജോസഫ് മാത്യു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകനും കലാകാരനുമായ ജോസഫ് മാത്യു ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ച സ്വപ്നമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞത്. കോവിഡ് കാലത്ത് നാട്ടിൽ ദീർഘനാൾ നിൽക്കേണ്ടിവന്നത് ജോസഫിന് ഉപകാരമായി ഭവിക്കുകയായിരുന്നു. കേരളത്തിലെത്തിയ ഒരു നേപ്പാൾ പെൺകുട്ടി ഒരു ഭാഗ്യക്കുറി എടുക്കുകയും അവൾക്ക് വലിയ തുക ഒന്നാം സമ്മാനമായി ലഭിക്കുകയും ചെയ്യുന്നതിൽ നിന്നാണ് സിനിമയുടെ തുടക്കം. തനിക്ക് ഭാഗ്യം ലഭിച്ചതറിയാതെ തിരികെ നാട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെത്തേടിയുള്ള രസകരവും ഉദ്വേഗജനകവുമായ യാത്രയാണ് സിനിമ.
പ്രേക്ഷകരുടെ താൽപര്യത്തിനൊത്തുള്ള ചേരുവകൾ സംഗമിക്കുന്നു എന്നതാണ് ഈ സിനിമയെ സ്വീകാര്യമാക്കിയത്. ഇതിൽ മുഴുനീള കഥാപാത്രമായ ഒരു പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ജോസഫ് മാത്യു പ്രത്യക്ഷപ്പെടുന്നത്. സ്കൂൾ-കോളജ് കാലത്തെ നാടകാഭിനയ പരിചയം ഇപ്പോഴത്തെ സിനിമ വേഷത്തിന് തുണയായി മാറിയെന്ന് അദ്ദേഹം പറയുന്നു. ആറ് അടിയിലധികമുള്ള ഉയരവും ഗൗരവം സ്ഫുരിക്കുന്ന മുഖഭാവവും തീഷ്ണമായ കണ്ണുകളുമൊക്കെ ഈ കഥാപാത്രത്തോട് നീതി പുലർത്താൻ ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സുഹൃത്ത് രാജീവ് ഷെട്ടിയാണ് ഈ സിനിമയുടെ സംവിധായകൻ. ജോസഫിന്റെ കഴിവിൽ സംശയമില്ലാതിരുന്ന രാജീവ് ആത്മവിശ്വാസത്തോടെ ഈ വേഷം ജോസഫിനെ ഏൽപിക്കുകയായിരുന്നു.
ജോണി ആൻറണിയും ധർമജനും യുവനടൻ ബിബിൻ ജോർജുമെല്ലാം ഇതിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിൽ അഭിനയിച്ച കാര്യം അടുത്ത സുഹൃത്തുക്കളോടുപോലും പറയാതെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ജനങ്ങൾ ഏറ്റെടുത്തതോടെ ഈ നടനെ പലരും അന്വേഷിച്ചെത്തുകയായിരുന്നു. പ്രവാസികൾക്കിടയിൽ ഇങ്ങനെയൊരാൾ ഒളിഞ്ഞിരിക്കുന്നത് അധികമാരും അറിഞ്ഞിട്ടില്ല. ഇനിയും നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമാമേഖലയിൽ തുടരണമെന്നുതന്നെയാണ് ജോസഫ് മാത്യുവിന്റെ ആഗ്രഹം. കോട്ടയം മാമ്മൂട്ടിൽ കൂടുംബാംഗമായ ജോസഫിന്റെ കുടുംബം വലിയ പിന്തുണയാണ് നൽകുന്നത്. മകൾ അലീന ടെലിഫിലിമിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗീതയാണ് ഭാര്യ. അലീന, അലൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

