മൂന്നാം ഡോസ് വാക്സിൻ: രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ വിഭാഗങ്ങൾക്ക്
text_fieldsജിദ്ദ: മൂന്നാം ഡോസ് കോവിഡ് വാക്സിൻ രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ വിഭാഗങ്ങൾക്കാണ് നൽകുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ആരോഗ്യ വക്താവ് ഇക്കാര്യം അറിയിച്ചത്. രോഗപ്രതിരോധശേഷി കുറവുള്ള അല്ലെങ്കിൽ അവയവങ്ങർ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രാജ്യത്തെ ആളുകൾക്കാണ് മൂന്നാം ഡോസ് നൽകുക.
സൗദിയിൽ കോവിഡ് ബാധ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ ദീർഘകാലം ആളുകളെ സംരക്ഷിക്കുന്നു. ലോകത്ത് കോവിഡ് സുഖംപ്രാപിച്ചവരിൽ 10 ശതമാനം മുതൽ 30 ശതമാനം വരെ ആളുകൾ കോവിഡിെൻറ ദീർഘകാല പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നത് സംബന്ധിച്ച് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ നൽകിയ കോവിഡ് വാക്സിനുകളുടെ എണ്ണം 38 ദശലക്ഷമായി. 15 ദശലക്ഷം പേർ രണ്ടു ഡോസ് വാക്സിനെടുത്തു. കോവിഡ് ഗുരുതര കേസുകൾ കുറയുന്നത് തുടരുകയാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു.

