മൂന്നാമത് അറബ് ഗൾഫ് സുരക്ഷ സൈനികാഭ്യാസം സമാപിച്ചു
text_fieldsസൗദി ആഭ്യന്തര മന്ത്രാലയം ആതിഥേയത്വം വഹിച്ച ജി.സി.സി രാജ്യങ്ങളുടെ മൂന്നാമത് അറബ് ഗൾഫ് സംയുക്ത സൈനികാഭ്യാസത്തിന്റെ സമാപന ചടങ്ങിൽ സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്
ജിദ്ദ: വികസനം കൈവരിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സുരക്ഷ അനിവാര്യമെന്ന് സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്.
കിഴക്കൻ മേഖലയിലെ അബ്ഖൈഖ് ഗവർണറേറ്റിലെ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്യൂരിറ്റി ഫോഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആഭ്യന്തര മന്ത്രാലയം ആതിഥേയത്വം വഹിച്ച ജി.സി.സി രാജ്യങ്ങളുടെ മൂന്നാമത് അറബ് ഗൾഫ് സംയുക്ത സൈനികാഭ്യാസത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
സുരക്ഷാസേനകൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശാശ്വതമായി മെച്ചപ്പെടുത്തുന്നതിനും സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുന്നതിനുമാണ് സംയുക്ത സൈനികാഭ്യാസം.
അതോടൊപ്പം ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളുടെ മഹത്തായ നിർദേശങ്ങൾ സഫലമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. കോവിഡിനെ വലിയ സുരക്ഷാശ്രമങ്ങളോടെ വിജയകരമായി നേരിട്ടതിനു ശേഷമാണ് ഈ അഭ്യാസമെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു. ഈ സമയത്ത് ജി.സി.സി രാജ്യങ്ങളിലെ സുരക്ഷാ വകുപ്പുകൾക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ മുൻകരുതലുകൾ നടപ്പാക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു. അറബ്-ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാത്തിലും നാമെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളും. ഞങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതോ ഞങ്ങളുടെ കഴിവുകളിൽ കൈകടത്തുന്നതോ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയെ ഏതുവിധേനയും അപകടത്തിലാക്കുന്നതോ ആയ എല്ലാ ശ്രമങ്ങളെയും ഞങ്ങൾ നിരസിക്കുന്നു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ് എന്നതാണ് ഞങ്ങൾ എല്ലാവരും അംഗീകരിക്കുന്ന സന്ദേശം. ജി.സി.സി രാജ്യങ്ങൾ ദൈവത്തിന്റെ കൃപയോടെയും ഭരണാധികാരികളുടെ ഉദാത്തമായ കാഴ്ചപ്പാടോടും എല്ലാ മേഖലകളിലും സമഗ്രമായ വികസന നവോത്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ ചടങ്ങിൽ സംബന്ധിച്ച ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാർക്കും ഉന്നതർക്കും തുടക്കത്തിൽ മന്ത്രി അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളുടെ പരിധിയില്ലാത്ത പിന്തുണക്കും ഉദാരമായ മാർഗനിർദേശത്തിനും ആഭ്യന്തരമന്ത്രിമാർക്കും ഫീൽഡ് കമാൻഡർമാർക്കും സൈനികാഭ്യാസത്തിൽ പങ്കെടുത്തവർക്കും ആഭ്യന്തരമന്ത്രി നന്ദി രേഖപ്പെടുത്തി.
കോവിഡ് നേരിടുന്നതിൽ ജി.സി.സി രാജ്യങ്ങളിലെ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ ശ്രമങ്ങൾ വിവരിക്കുന്ന ദൃശ്യചിത്രം ആഭ്യന്തരമന്ത്രിയും സദസ്സും വീക്ഷിച്ചു. ശേഷം വേദിക്കു മുന്നിൽ സൈനികരുടെ അഭ്യാസം നടന്നു. ചടങ്ങിൽ നാലാമത് അറബ് ഗൾഫ് സുരക്ഷ സൈനികാഭ്യാസത്തിനുള്ള ബാനർ ഖത്തറിന് കൈമാറി.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ ആഭ്യന്തരമന്ത്രി ലെഫ്റ്റനൻറ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഒമാൻ ആഭ്യന്തരമന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസഈദി, ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽ ഹജ്റഫ്, ഖത്തർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ ഫൈസൽ അൽതാനി, കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ് എന്നിവർ സംയുക്ത സൈനികാഭ്യാസ ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ കിഴക്കൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അമീർ അഹമദ് ബിൻ ഫഹദ് ബിൻ സൽമാൻ, ആഭ്യന്തര ഉപമന്ത്രി ഡോ. നാസർ ബിൻ അബ്ദുൽ അസീസ് അൽ ദാവൂദ്, സ്റ്റേറ്റ് സെക്യൂരിറ്റി അസിസ്റ്റന്റ് മേധാവി അബ്ദുല്ല ബിൻ അബ്ദുൽ കരീം അൽ ഇസ, ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

