ലോകത്ത് പ്രവാചകനെപ്പോലെ സ്നേഹിക്കപ്പെട്ട മറ്റൊരു വ്യക്തിയില്ല -തൻസീർ സ്വലാഹി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് തൻസീർ സ്വലാഹി സംസാരിക്കുന്നു
ജിദ്ദ: പല മഹാന്മാരും ഈ ലോകത്ത് ജീവിച്ചു പോയിട്ടുണ്ടെങ്കിലും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെപ്പോലെ സ്വന്തം അനുയായികളാൽ സ്നേഹിക്കപ്പെടുന്ന ഒരു മനുഷ്യനും ഇന്നുവരെ കടന്നു പോയിട്ടില്ലെന്ന് ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് തൻസീർ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ 'അനുസരണമാണ് ഹുബ്ബുന്നബി, ആഘോഷങ്ങളല്ല' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളുടെ കയ്യിലകപ്പെട്ട ഒരു പ്രവാചക അനുചരനോട് അയാൾക്ക് പകരം പ്രവാചകനെ ആ സ്ഥാനത്ത് പീഡനത്തിന് ഇരയാക്കാൻ അനുവദിച്ചാൽ അദ്ദേഹത്തെ വെറുതെ വിടാമെന്ന് ശത്രുക്കൾ പറഞ്ഞപ്പോൾ തന്റെ പ്രവാചകന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പിന്നീടുണ്ടായ ഒരു പുത്തനാചാരമാണ് ഇതെന്ന് ആഘോഷിക്കുന്നവർ പോലും സമ്മതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിൽ പുതുതായി ചേർക്കപ്പെട്ടതെല്ലാം തള്ളിക്കളയണമെന്ന പ്രവാചകാധ്യാപനം മുറുകെ പിടിച്ചുകൊണ്ട് ഇത്തരം പുതുനിർമിതികൾക്കെതിരെ മാന്യമായ രീതിയിൽ ബോധവത്ക്കരണങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

