ലോകത്ത് ഒരു ഗാരണ്ടിയുമില്ലാത്തത് മനുഷ്യ ശരീരത്തിന് -മൊയ്തീൻകോയ മദീനി
text_fieldsമരണം, മരണാനന്തരം' എന്ന വിഷയത്തിൽ മൊയ്തീൻകോയ മദീനി ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ പ്രഭാഷണം നടത്തുന്നു
ജിദ്ദ: ലോകത്ത് ഒരു ഗാരണ്ടിയുമില്ലാത്തത് ചൈന നിർമ്മിച്ച ഏതെങ്കിലും കളിക്കോപ്പല്ലെന്നും അത് മനുഷ്യശരീരമാണെന്നും പണ്ഡിതനും പ്രഭാഷകനുമായ മൊയ്തീൻകോയ മദീനി പറഞ്ഞു. ‘മരണം, മരണാനന്തരം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമുക്ക് ചുറ്റും കൂടിയവരെ സന്തോഷിപ്പിച്ചുകൊണ്ട് നാം ഒരിക്കൽ ജനിച്ചു എന്നതൊരു യാഥാർഥ്യമാണെങ്കിൽ ചുറ്റുമുള്ളവരെ വിഷമിപ്പിച്ചുകൊണ്ട് നാം ഒരിക്കൽ മരിക്കുമെന്നത് മറ്റൊരു യാഥാർഥ്യമാണ്. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയമായിട്ടില്ലെന്ന് നാം വിചാരിച്ചാലും മരണം നമ്മളെ ഒരിക്കൽ പിടികൂടുമെന്നുറപ്പാണ്.
നിങ്ങൾ ഓടിയൊളിക്കുന്ന മരണത്തെ നിങ്ങൾ കണ്ടുമുട്ടുകതന്നെ ചെയ്യുമെന്നാണ് ഈ വിഷയത്തിൽ ഖുർആൻ ഉണർത്തുന്നത്. ഉറക്കമെന്നത് ഒരു ചെറിയ മരണമാണ്. ചിലരുടെ ആത്മാവിനെ പടച്ചവൻ ഉറക്കത്തിനുശേഷം തിരികെ നൽകാതിരിക്കുമ്പോൾ അവർ ഈ ലോകത്തോട് വിട പറയുന്നു.
ഉറപ്പായ മരണത്തെ കണ്ടുമുട്ടാനും മരണാനന്തര ജീവിതത്തിൽ വിജയിക്കാനും നാം എപ്പോഴും തയാറായിരിക്കണം. മരണാനന്തര ജീവിതം ഇല്ലായിരുന്നെങ്കിൽ നമുക്കാരെയും സഹായിക്കാതെ ഇവിടെ സുഖിച്ചു ജീവിക്കാമായിരുന്നു. ഇസ്ലാമിൽ ഖബർ സന്ദർശനം പോലുള്ള പല ആരാധനകളും മരണചിന്ത വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

