Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ വർഷത്തെ ഹജ്ജിന്...

ഈ വർഷത്തെ ഹജ്ജിന് പ്രായപരിധിയില്ല, കോവിഡിന് മുമ്പുള്ള തീർത്ഥാടകരുടെ എണ്ണം തിരികെ കൊണ്ടുവരും -ഹജ്ജ് മന്ത്രി

text_fields
bookmark_border
ഈ വർഷത്തെ ഹജ്ജിന് പ്രായപരിധിയില്ല, കോവിഡിന് മുമ്പുള്ള തീർത്ഥാടകരുടെ എണ്ണം തിരികെ കൊണ്ടുവരും -ഹജ്ജ് മന്ത്രി
cancel

ജിദ്ദ: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹജ്ജ് തിരികെ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ രാജ്യങ്ങൾക്കും മുമ്പുണ്ടായിരുന്ന തീർത്ഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഹജ്ജ് നിർവഹിക്കാനുള്ള യോഗ്യത മാനദണ്ഡമായി വെച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഈ വർഷം മുതൽ ഇല്ല. ഏത് പ്രായക്കാർക്കും ഹജ്ജ് നിവഹിക്കാം. ജിദ്ദയിൽ നടക്കുന്ന 'ഹജ്ജ് എക്സ്പ്പോ' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി തുക 109 റിയാലിൽ നിന്ന് 29 റിയാലായും ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് പോളിസി 235 റിയാലിൽ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ടെന്നും ഉംറ വിസയുള്ള ഏതൊരു സന്ദർശകനും രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള വിസയുമായി സൗദിയിലെത്തുന്ന ഏതൊരു സന്ദർശകനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഇപ്പോൾ അവസരമുണ്ട്. ഈ വർഷം മുതൽ ഏത് രാജ്യത്തെയും ഹജ്ജ് മിഷൻ ഓഫീസുകൾക്ക്, തങ്ങളുടെ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സൗദിയിലെ ഏതെങ്കിലും ലൈസൻസുള്ള കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ അനുവദിക്കും.

ചരിത്രത്തിലെ ഏറ്റവും വലിയ നിർമ്മാണ പദ്ധതിയായി മക്കയിലെ മസ്ജിദുൽ ഹറാം വിപുലീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഇതിനോടകം 20,000 കോടി റിയാലിലധികം രാജ്യം നിക്ഷേപിച്ചിട്ടുണ്ട്. തീർഥാടകർക്ക് സേവനം നൽകുന്നതിനായി 4,000 കോടി റിയാൽ ചിലവഴിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തെ വികസിപ്പിച്ചു. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിന്റെ നിർമ്മാണത്തിന് 6,400 കോടി റിയാലും ചിലവഴിച്ചു. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവചരിത്രം രേഖപ്പെടുത്തുന്ന 100 വെബ്‌സൈറ്റുകളും 20 പ്രദർശനങ്ങളും തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി തൗഫീഖ് അൽ റബിഅ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj News
Next Story