അൽബാഹയിലെ ദീ ഐൻ വില്ലേജിലെ മാർബിൾ വീടുകൾ കാണാൻ സന്ദർശക പ്രവാഹം
text_fieldsഅൽബാഹയിലെ ദീ ഐൻ വില്ലേജിലെ മാർബിൾ വീടുകളുടെയും മറ്റും കാഴ് ചകൾ (ചിത്രം - തൗഫീഖ് മമ്പാട്)
അൽ ബഹ: ചെറിയപെരുന്നാളിന് ഒത്തുകിട്ടിയ അവധി ഉപയോഗപ്പെടുത്തി സൗദിയിലെ സ്വദേശികളും പ്രവാസികളും രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദർശിക്കുകയാണ്. സൗദിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ബഹയിൽനിന്ന് 25 കിലോമീറ്റർ ദൂരമുള്ള പ്രദേശത്തെ പൈതൃക ശേഷിപ്പുകൾ കാണാൻ പെരുന്നാൾ അവധിക്കാലത്ത് സന്ദർശകരുടെ നല്ല ഒഴുക്കാണ്. ഇവിടുത്തെ ദീ ഐൻ വില്ലേജിലെ കോട്ടയിലുള്ള മാർബിൾ വീടുകൾ പൗരാണിക ശേഷിപ്പുകളുടെ അപൂർവ കാഴ്ചകളിലൊന്നാണ്.
സമുദ്ര നിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അൽ ബാഹയിലെ ബനീ സാർ, ദീ ഐൻ എന്നീ പേരുക ളിലറിയപ്പെടുന്ന ഗ്രാമങ്ങളിലാണ് 1833 ൽ പണി പൂർത്തിയാക്കിയ കൊട്ടാരം.സ്ഥിതി ചെയ്യുന്നത്. മാർബിൾ കല്ലുകൾകൊണ്ട് പണിത 49 ചെറുവീടുകളാണ് നാലു നിലകളിലായി പണിത ഈ കോട്ടയിലുള്ളത്. ഒന്നാം നിലയിൽ 9 വീടുകളും രണ്ടാം നിലയിൽ 19 വീടുകളും മൂന്നാം നിലയിൽ 11 വീടുകളും നാലാം നിലയിൽ 10 വീടുകളും കാണാം. കാലാവസ്ഥയെ അതിജയിച്ച് ഇന്നും പഴമയുടെ പെരുമ നില നിർത്തി കോട്ട സംരക്ഷിച്ചു വരുകയാണിവിടെ. വീടുകൾ വാസ്തു ശിൽപ മികവോടെയാണ് പണിതിരിക്കുന്നത്.
പാറയിൽ കൊത്തിയെടുത്ത ശിലാഭവനങ്ങളുള്ള ഈ ഗ്രാമം പുരാതന മനുഷ്യ നിർമ്മിത നാഗരികതകൾക്ക് പേരുകേട്ടതാണ്. മാർബിൾ കല്ലുകൾ അടുക്കിവെച്ച് ഏകദേശം 90 സെന്റീമീറ്റർ വീതിയിൽ ചുമരുകൾ ആകർഷണീയമായ രീതിയിൽ നിർമിച്ചശേഷം മേൽക്കൂരകൾ ദേവദാരു മരത്തിന്റെ തടികളും ഈന്തപ്പനയുടെ തടികളും ഓലകളും ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബഹുനില വീടുകളുടെ നിർമാണ വൈഭവം ഏറെ അതിശയകരമായ കാഴ്ചയാണ് സന്ദർശകർക്കിവിടെ പകർന്നുനൽകുന്നത്.
അതിരാവിലെയും വൈകുന്നേരവും സ്വർണവർണം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം സന്ദർശകർക്ക് നയനാനന്ദകരമായ കാഴ്ചയൊരുക്കും. കോട്ടയിൽ അടിത്തറ മുതൽ മിനാരം വരെ മാർബിൾ കൊണ്ട് നിർമിച്ച ഒരു കൊച്ചുപള്ളിയും കാണാം.
സന്ദർശകർക്ക് സൗജന്യമായി മാർബിൾ കോട്ടയും അതിലെ കാഴ്ചകളും ആസ്വദിക്കാൻ കഴിയും. 2014 ൽ യുനെസ്കോ അംഗീകരിച്ച പൈതൃക ഗ്രാമങ്ങളിൽ സൗദിയിലെ ഈ പൗരാണിക ഗ്രാമവും ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറെ പൈതൃക ശേഷിപ്പുകൾ ഈ പഴയ ഗ്രാമത്തിൽ സംരക്ഷിച്ചു വരുന്നുണ്ട്.
പത്താം നൂറ്റാണ്ടിൽ തന്നെ ഈ ഗ്രാമത്തിൽ ആളുകൾ താമസം തുടങ്ങി യിരുന്നതായി അറബ് ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. 400 വർഷകൾക്ക് മുമ്പ് വരെ കോട്ടയിലെ വീടുകളിൽ താമസം ഉണ്ടായിരുന്നു. അബ്ദുൽ അസീസ് രാജാവ് സൗദി ഒറ്റ രാജ്യമാക്കി ഭരണം നടത്തുന്നതിന് മുമ്പ് സഹ്റാനി, ഗാംദി എന്നീ ഗോത്രങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ഓട്ടോമൻ ഭരണകാലത്ത് ഈ ഗ്രാമം പിടിച്ചടക്കാൻ ദിവസങ്ങളോളം ഏറ്റുമുട്ടലുണ്ടായതായി അറബ് ചരിത്രം വ്യക്തമാക്കുന്നു. സന്ദർശകർക്ക് ആവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും വിശാലമായ വാഹന പാർക്കിങ് സൗകര്യങ്ങളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

