നാടക സംഘാടകൻ ശശികുമാർ പ്രവാസത്തിെൻറ അരങ്ങൊഴിഞ്ഞു
text_fieldsവി. ശശികുമാറും ഭാര്യ പ്രമീളയും
റിയാദ്: പ്രമുഖ നാടക സംഘാടകനും സജീവ ജീവകാരുണ്യ പ്രവർത്തകനുമായ വി. ശശികുമാർ 36 വർഷം നീണ്ട പ്രവാസജീവിതത്തിന് തിരശീലയിട്ട് നാട്ടിലേക്ക് മടങ്ങി. ദമ്മാമിലും റിയാദിലെ എരിത്രിയൻ സ്കൂളിലും അധ്യാപികയായിരുന്ന ഭാര്യ പ്രമീളയും അദ്ദേഹത്തോടൊപ്പം നാടണഞ്ഞു. തൃശൂർ ചേർപ്പ് സ്വദേശിയായ ശശികുമാർ നിലവിൽ പാലക്കാട് ജില്ലയിലാണ് സ്ഥിരതാമസം. 1990ൽ സൗദിയിലെത്തിയ അദ്ദേഹം അൽ ബാബ്തയിൻ, അൽ സൈഫ് മോട്ടോഴ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ആദ്യ 10 വർഷം റിയാദിലും പിന്നീട് എട്ട് വർഷം ദമ്മാമിലുമായിരുന്നു താമസം. കഴിഞ്ഞ 17 വർഷമായി റിയാദിലെ കെ.പി.എം.ജി (ബിസിനസ് സപ്പോർട്ട്) എന്ന സ്ഥാപനത്തിലാണ് അദ്ദേഹം പ്രവർത്തിച്ചുപോന്നത്.
ദമ്മാമിലായിരുന്ന കാലത്ത് അൽ ഖോബാർ നവോദയ സാംസ്കാരികവേദിയുടെ ജീവകാരുണ്യ വിഭാഗത്തിൽ സജീവമായിരുന്നു. പ്രവാസികളുടെ ചികിത്സാ പ്രശ്നങ്ങൾ, തൊഴിൽ തർക്കങ്ങൾ, എമർജൻസി എക്സിറ്റ് നടപടികൾ എന്നിവയിൽ ക്രിയാത്മകമായി ഇടപെട്ട് നിരവധി പേർക്ക് അദ്ദേഹം തണലായി. പിന്നീട് റിയാദിൽ തിരിച്ചെത്തിയ അദ്ദേഹം ‘റിയാദ് നാടകവേദി’യുടെ ഭാഗമാവുകയും ദീർഘകാലം അതിെൻറ ട്രഷററായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
2009 മുതൽ റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ബത്ഹ യൂനിറ്റിലും അദ്ദേഹം പ്രവർത്തിച്ചു. നാടകങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച ശശികുമാർ, മികച്ചൊരു സംഘാടകനായാണ് പ്രവാസലോകത്ത് അറിയപ്പെടുന്നത്. ‘ചതുരംഗം’ എന്ന നാടകത്തിലൂടെ അരങ്ങിലുമെത്തി. റിയാദിൽ നാടകത്തിെൻറ പുഷ്കല കാലത്ത് തിലകൻ, മുകേഷ്, മനോജ് കെ. ജയൻ, സുനിൽ സുഗത, ഷൈജു അന്തിക്കാട്, ജയൻ തിരുമന തുടങ്ങി പ്രമുഖ ചലച്ചിത്ര-നാടക പ്രതിഭകളെ റിയാദിലെ വേദികളിലെത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കോവിഡ് കാലത്തിന് ശേഷം റിയാദിലെ നാടക പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായെന്ന് അദ്ദേഹം പറയുന്നു. അക്കാര്യം മാനസിക വൈഷമ്യമുണ്ടാക്കി.
നാട്ടിൽ വിശ്രമജീവിതത്തോടൊപ്പം കാർഷിക മേഖലയിൽ സജീവമാകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. മകൻ പ്രണവ് ശശികുമാർ കഴിഞ്ഞ ഏഴ് വർഷമായി റിയാദിലെ കെ.പി.എം.ജി മിഡിൽ ഈസ്റ്റിൽ മാനേജരായി ജോലി ചെയ്യുന്നു. മകൾ ശ്വേത ശശികുമാർ ആലുവ രാജഗിരി ആശുപത്രിയിൽ ഓഡിയോളജിസ്റ്റായിരുന്നു. ഇപ്പോൾ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

