ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡാറ്റാ സെൻറർ; ‘ഹെക്സഗൺ’ 2027-ൽ യാഥാർഥ്യമാകും
text_fieldsറിയാദിൽ നിർമിക്കുന്ന ‘ഹെക്സഗൺ’ ഗവൺമെൻറ് ഡേറ്റ സെന്ററിെൻറ മാതൃക
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡേറ്റ സെന്റർ 2027-ഓടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പൂർത്തിയാകുമെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദായ) വക്താവ് ഡോ. മജീദ് അൽ ശഹ്രി അറിയിച്ചു. ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിതബുദ്ധി) എന്നിവക്കായി പ്രത്യേകം തയാറാക്കുന്ന ‘ഹെക്സഗൺ’ എന്ന ഈ പുതിയ സർക്കാർ കേന്ദ്രത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ തന്നെ ആരംഭിച്ചിട്ടുണ്ട്.
മക്കയിൽ നടന്ന ഹജ്ജ് മീഡിയ ഫോറത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഈ മെഗാ പ്രൊജക്ട് പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ നിർമിതബുദ്ധിക്ക് വേണ്ടിയുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾക്ക് 32 മെഗാവാട്ട് ശേഷിയുണ്ടാകും. തുടർന്നുള്ള വർഷങ്ങളിൽ ഇതിെൻറ ആകെ ശേഷി 450 മെഗാവാട്ടിൽ അധികമായി ഉയരും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ‘ടയർ IV’ ഗവൺമെൻറ് ഡേറ്റാ സെന്ററായി ‘ഹെക്സഗൺ’ മാറുമെന്നും അൽ ശഹ്രി കൂട്ടിച്ചേർത്തു. സൗദി വിഷൻ 2030-െൻറ ഭാഗമായ ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിെൻറ’ ലക്ഷ്യങ്ങൾ മുൻനിർത്തി, തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ വൻതോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിെൻറ ഭാഗമായി ഇത്തവണത്തെ ഹജ്ജ് വേളയിൽ ‘സദായ’ പ്രത്യേക മൊബൈൽ ഓപറേഷൻ സെന്ററുകൾ വിന്യസിച്ചിരുന്നു. തത്സമയ ഡേറ്റ വിശകലനത്തിലൂടെയും (റിയൽ ടൈം ഡേറ്റാ അനലൈസിസ്) വേഗത്തിലുള്ള തീരുമാനങ്ങളിലൂടെയും വിവിധ സർക്കാർ ഏജൻസികളുടെ ഫീൽഡ് തലത്തിലുള്ള സന്നദ്ധത വർധിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിച്ചു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാങ്കേതിക സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നതെന്നും വക്താവ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

