ഇന്ത്യൻ സ്കൂളുകളും തുറക്കാൻ ഒരുങ്ങുന്നു
text_fieldsയാംബു: സൗദിയിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകളും സ്വകാര്യ ഇൻറർ നാഷനൽ സ്കൂളുകളും 18 മാസം അടച്ചിട്ടശേഷം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു.
ഏഴു മുതലുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്ത് ഇമ്യൂൺ സ്റ്റാറ്റസ് നേടിയവർക്ക് മാത്രമാണ് സ്കൂളിൽ വരാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽകിയിട്ടുള്ളത്. അതേസമയം നല്ല ശതമാനം അധ്യാപകരും വിദ്യാർഥികളും ഇപ്പോഴും സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ നാടുകളിലായത് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും അസാന്നിധ്യത്തിൽ സ്കൂളിലെ നടപടിക്രമങ്ങൾ എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്ന അനിശ്ചിതത്വത്തിലാണ് സ്കൂൾ അധികൃതർ.
സ്കൂൾ തുറക്കുമ്പോഴും വരാത്ത കുട്ടികൾക്കുവേണ്ടി ഓൺലൈൻ ക്ലാസ് തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അതുപോലെ സൗദിയിൽ എത്താൻ കഴിയാത്ത അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ നാട്ടിൽനിന്ന് എടുക്കാനും മന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട്. ഒരേസമയം ഓഫ്ലൈൻ ക്ലാസും ഓൺലൈൻ പഠനവും സ്കൂളിൽ നില നിർത്തുന്നതിൽ സാങ്കേതികമായും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട് എന്നും വിലയിരുത്തുന്നുണ്ട്.
ഓഫ്ലൈൻ ക്ലാസ് മരവിപ്പിച്ചുകൊണ്ട് ഓൺലൈൻ ക്ലാസുകൾ മാത്രം നടത്താനും വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകുമോ എന്ന കാര്യത്തിലും സ്കൂൾ അധികൃതർക്ക് നിശ്ചയമില്ലാത്തതിനാൽ കൃത്യമായ രീതിയിൽ ഒരു തീരുമാനം എടുക്കാനും ആവുന്നില്ല.
കാര്യങ്ങൾ വ്യക്തമായി വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കേണ്ടതുമുണ്ട്. വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെ സ്കൂളുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കാനാണ് മിക്ക സ്കൂളുകളും ഇതിനകം അറിയിച്ചത്. ഇത് പല രക്ഷിതാക്കൾക്കും അധികഭാരം വരുത്തുമെന്നും പ്രതിസന്ധി ഉണ്ടാക്കുമെന്നും അഭിപ്രായമുണ്ട്.
രണ്ട് ഡോസ് വാക്സിൻ സൗദിയിൽനിന്നെടുത്തവർക്ക് നേരിട്ട് രാജ്യത്തേക്ക് വരാൻ അനുമതി നൽകിയെങ്കിലും രണ്ടുമാസം മുമ്പ് അവധിയിൽ നാട്ടിലേക്ക് പോയ ഏറെയുംപേർ രണ്ടാം ഡോസ് വാക്സിൻ എടുത്തത് നാട്ടിൽനിന്നാണ്. ഇങ്ങനെയുള്ള കുട്ടികളെയും കൂട്ടി കുടുംബങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയിൽ സൗദിയിലെത്താൻ ഭീമമായ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ഇക്കാരണത്താൽ പലരും സൗദിയിലേക്ക് മടങ്ങാൻ തയാറാകുന്നുമില്ല. നാട്ടിൽനിന്ന് ഒരു ഡോസ് കൂടി എടുത്ത് 'തവക്കൽന'യിൽ ഇമ്യൂൺ സ്റ്റാറ്റസ് പൂർത്തിയാക്കിയവർക്കുകൂടി സൗദി അധികൃതർ നേരിട്ട് യാത്രാനുമതി നൽകുന്നതും കാത്തിരിക്കുകയാണ് നൂറ് കണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും. ഓൺലൈൻ ക്ലാസ് സ്കൂളുകളിൽ തുടരാൻ അനുവാദം നൽകിയതിൽ ഇത്തരം വിദ്യാർഥികൾക്കും നാട്ടിലുള്ള അധ്യാപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.