കണ്ണീരണിഞ്ഞ് പ്രവാസ ലോകം
text_fields2006ൽ അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ന്യൂഡൽഹി സന്ദർശിച്ചപ്പോൾ ഹൈദരലി ശിഹാബ് തങ്ങളുമായി ഹസ്തദാനം ചെയ്യുന്നു (ഫയൽ ഫോട്ടോ)
മതേതരത്വത്തിന്റെ കാവലാൾ, സമാധാന ദൂതൻ -സൗദി കെ.എം.സി.സി
റിയാദ്: മതേതരത്വത്തിന്റെ കാവലാളായിരുന്നു തങ്ങൾ. ശുഭ്രമായ വീഥിയിലൂടെ സഞ്ചരിച്ച് പൂർവികരായ നേതാക്കളുടെ പാതയിൽ പാർട്ടിയെ നയിച്ചു. പ്രതിസന്ധികളിൽ സമുദായത്തിന്റെ അവസാന വാക്കായി. പ്രലോഭനങ്ങളിലോ പ്രകോപനങ്ങളിലോ അകപ്പെടാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് അവസാന സമയം വരെയും പടപൊരുതി. അസുഖ ബാധിതനായിട്ടുകൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തിൽ തങ്ങൾ നേരിട്ട് നേതൃത്വം നൽകി.
സൗദിയിലെ കെ.എം.സി.സി പ്രവർത്തകർക്ക് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് തങ്ങളുടെ മടക്കം. കെ.എം.സി.സിയുടെ ഓരോ ചലനങ്ങളിലും തങ്ങളുടെ കൈയൊപ്പുണ്ടായിരുന്നു.
സൗദി കെ.എം.സി.സിയുടെ സുരക്ഷ പദ്ധതി ആരംഭിക്കാൻ 2014ൽ അനുമതി നൽകിയ അദ്ദേഹം, പ്രവാസലോകത്തുനിന്ന് വിടവാങ്ങിയ നൂറുകണക്കിന് പ്രവാസികളുടെ കുടുംബങ്ങൾക്ക് അത്താണിയായി മാറിയ ഈ പദ്ധതി നടത്തുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന്റെ ചെയർമാൻ പദവി വിടവാങ്ങുന്നതുവരെ അലങ്കരിച്ചിരുന്നു. ശനിയാഴ്ച കൊല്ലത്ത് നടന്ന ചടങ്ങൊഴിച്ചാൽ എട്ടുവർഷമായി നടന്നുവരുന്ന സുരക്ഷാപദ്ധതിയുടെ വിതരണം തങ്ങളുടെ കരങ്ങൾ കൊണ്ടായിരുന്നു നിർവഹിച്ചത്. ചികിത്സയിലായതിനാൽ കുടുംബങ്ങൾക്ക് കൊടുക്കേണ്ട ചെക്കുകൾ മുഴുവനും രോഗാവസ്ഥയിലും ഒപ്പിട്ടു വിതരണത്തിന് അനുമതി നൽകുകയായിരുന്നു. കോവിഡ് കാല പ്രവർത്തനങ്ങളിൽ കെ.എം.സി.സി പ്രവർത്തകർക്ക് ഊർജം പകർന്നുകൊണ്ടായിരുന്നു തങ്ങളുടെ ഇടപെടൽ. തങ്ങളുടെ വേർപാടിൽ സൗദി കെ.എം.സി.സി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കെ.എം.സി.സിയുടെ മുഴുവൻ സെൻട്രൽ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാർഥനാ സദസ്സും സംഘടിപ്പിക്കും. അനുശോചന പരിപാടികൾ ഒഴികെ കെ.എം.സി.സിയുടെ മറ്റെല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു.
മതേതര കേരളത്തിന് വലിയ നഷ്ടം -ഡോ. ശരീഫ് അബ്ദുൽഖാദർ
റിയാദ്: മതേതര കേരളത്തിന് വലിയ നഷ്ടമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗമെന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്ദുൽഖാദർ. മതരാഷ്ട്രീയ രംഗത്ത് നേതൃരംഗത്തിരിക്കുമ്പോഴും ജാതിമതഭേദമന്യേ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന സൗമ്യമുഖം. ആർക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതിലായിരുന്നു തങ്ങൾ. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള സാമൂഹിക ഇടപെടലുകൾക്ക് മാതൃകയായിരുന്നു ഹൈദരലി തങ്ങൾ.
നഷ്ടമായത് സമൂഹത്തിന്റെ മതേതര കാവലാളെ -സമസ്ത ഇസ്ലാമിക് സെന്റർ
റിയാദ്: നഷ്ടമായത് സമൂഹത്തിന്റെ മതേതര കാവലാളെ. വർത്തമാന കൈരളിക്കും മതേതര ഇന്ത്യക്കും കനത്ത നഷ്ടമാണ്. എക്കാലവും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ മുന്നിട്ടുനിന്ന നേതാവായിരുന്നു. മതസൗഹാർദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരു. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്നവരോട് എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. പട്ടിക്കാട് നിന്നുള്ള ഫൈസി ബിരുദവും ആത്മീയ ജ്യോതിസ്സുകളായ ഉസ്താദുമാരുടെ ശിക്ഷണവും ആത്മീയമായി സമുദായത്തെ മുന്നിൽനിന്ന് നയിക്കാൻ തങ്ങളെ പ്രാപ്തനാക്കിയിരുന്നു. ഇന്ന് പതിനായിരങ്ങൾക്ക് അത്താണിയായി മാറിയ മജ്ലിസുന്നൂർ തങ്ങളിൽനിന്നുള്ള അമൂല്യമായ കൈമാറ്റമായിരുന്നു. പ്രാർഥനാ സദസ്സുകൾ സംഘടിപ്പിക്കണം. ഖത്മുൽ ഖുർആൻ സദസ്സുകളും അനുസ്മരണ സദസ്സുകളും പ്രവിശ്യ, സെൻട്രൽ, യൂനിറ്റ് തലങ്ങളിൽ നടക്കുമെന്നും ദേശീയ പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശ്ശേരി എന്നിവർ അറിയിച്ചു.
റീജൻസി ഗ്രൂപ്പ്
ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്നു. നാട്ടിൽ പോകുന്ന സമയത്ത് എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറിലെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.
വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നുവെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു. നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചു കുട്ടിയുടെ നിഷ്കളങ്കഥയാണ് കാണാനായതെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.
തനിമ സാംസ്കാരിക വേദി
ദമ്മാം: ആത്മീയ ജീവിതത്തെ മുറുകെപ്പിടിച്ചു രാഷ്ട്രീയ നേതൃത്വം നൽകിയ മഹത് വ്യക്തിത്വമായിരുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മുസ്ലിംലീഗിന് കരുത്തുനൽകി. മുസ്ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ടുതന്നെ ഇതര മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദം വളർത്തിയെടുക്കാനും പരിശ്രമിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്നേഹിച്ച അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെയും വ്യത്യസ്ത സംഘടനാ പ്രവർത്തകരുടെയും ആദരവ് നേടിയെടുത്തു.
പ്രവാസികളുടെ അഭയകേന്ദ്രം -കെ.എം.സി.സി ജിദ്ദ
ജിദ്ദ: പ്രവാസികളുടെ അഭയകേന്ദ്രമായിരുന്നുവെന്നും തങ്ങളുടെ വിയോഗം ഏറ്റവും വലിയ നഷ്ടമുണ്ടാക്കുക പ്രവാസി സമൂഹത്തിനായിരിക്കുമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും. പ്രവാസികൾക്ക് എന്തു പ്രയാസം വന്നാലും ജിദ്ദ കെ.എം.സി.സി അടക്കം എല്ലാവരും തങ്ങളെയാണ് ആദ്യം ബന്ധപ്പെടാറുള്ളത്. സൗദി പ്രവാസികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിതാഖാത്. അന്ന് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാറിൽ വലിയ സമ്മർദശക്തിയായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. പ്രശ്നപരിഹാരത്തിന് മന്ത്രിതല സംഘത്തെ സൗദിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ തങ്ങൾ നേരിട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. യുക്രെയ്നിൽ അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന വിദേശകാര്യ മന്ത്രി ഇ. അഹമ്മദിനെ വിളിച്ച് അടിയന്തരമായി മടങ്ങിവരണമെന്നും സൗദിയിലെ പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും തങ്ങൾ പറഞ്ഞത് ജിദ്ദ കെ.എം.സി.സിക്ക് നേരിട്ട് അറിയാവുന്ന വിഷയമാണ്. സൗദിയിലെത്തിയ മന്ത്രിമാരായ ഇ. അഹമ്മദിനെയും വയലാർ രവിയെയും പിന്നെയും പല തവണ തങ്ങൾ നേരിട്ടുവിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിന് തങ്ങളൊക്കെ സാക്ഷികളാണെന്ന് ഭാരവാഹികൾ അനുസ്മരിച്ചു.
കോവിഡിന്റെ തുടക്കത്തിൽ പ്രവാസലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ എന്തു വിലകൊടുത്തും പ്രവാസികളെ സഹായിക്കാൻ കെ.എം.സി.സിക്ക് നിർദേശം നൽകിയത് തങ്ങളായിരുന്നു. ഓരോ ആഴ്ചയിലും അന്ന് പാണക്കാട്ടിരുന്ന് തങ്ങളുടെ അധ്യക്ഷതയിൽ വിവിധ ലോകരാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളുടെ കോവിഡ് സഹായ അവലോകന യോഗങ്ങൾ നടക്കുമായിരുന്നു. ഓരോ യോഗത്തിലും വിവിധ രാജ്യങ്ങളിലെ അവസ്ഥകളും അവിടത്തെ പ്രവർത്തനങ്ങളും തങ്ങൾ തന്നെ നേരിട്ട് ചോദിക്കുകയും വേണ്ട ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ തങ്ങൾ എത്ര ജാഗ്രതയോടെ പ്രവർത്തിച്ചു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു കെ.എം.സി.സിയുടെ ഒന്നാംഘട്ട കോവിഡ് റിലീഫിന്റെ 110 കോടി രൂപയുടെ കണക്ക് തങ്ങൾ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ പ്രസിദ്ധീകരിച്ചത്.
പ്രവാസലോകത്ത് ജയിലിലകപ്പെട്ടവരുടെയും മറ്റു പ്രശ്നങ്ങളിൽപ്പെട്ടവരുടെയും രക്ഷിതാക്കളും ഭാര്യമാരുമൊക്കെ ആവലാതികളുമായി തങ്ങളെ സമീപിക്കാറുണ്ട്. അപ്പോഴൊക്കെ ആ പ്രദേശത്തെ കെ.എം.സി.സി നേതാക്കളെ ഉടൻ തന്നെ തങ്ങൾ നേരിട്ട് വിളിക്കുമായിരുന്നു. ജിദ്ദ കെ.എം.സി.സിയുടെ ഓഫിസ് ഉദ്ഘാടനത്തിനെത്തിയ തങ്ങൾ പറഞ്ഞത് ഓഫിസിൽ സഹായം തേടി വരുന്ന ഒരാളെയും നിരാശയോടെ മടക്കി അയക്കരുത് എന്നായിരുന്നു. കെ.എം.സി.സിയുടെ ഹജ്ജ് സേവന പ്രവർത്തനങ്ങളെയും തങ്ങൾ വളരെ ഗൗരവമായി അന്വേഷിക്കുകയും അതിനുവേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു - കെ.എം.സി.സി നേതാക്കൾ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ട് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങളുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ സര്‍ഗ വേദി
ജിദ്ദ: നിർണായക ഘട്ടത്തില്‍ കേരളത്തില്‍ മുസ്ലിം പിന്നാക്ക രാഷ്ട്രീയത്തിന് കരുത്തുപകരുകയും ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു. കേരളത്തില്‍ മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിലും സമുദായ ഐക്യം കെട്ടിപ്പടുക്കുന്നതിലും നല്കിയ സംഭാവനകള്‍ കേരളീയ സമൂഹം എക്കാലത്തും നന്ദിപൂർവം ഓര്‍ക്കുന്നതാണ്. സൗമ്യമായ സംഭാഷണം കൊണ്ടും ലളിത ജീവിതംകൊണ്ടും ശ്രദ്ധേയമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ആയിരങ്ങള്‍ക്ക് പ്രാർഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആശ്വാസം നല്കിയ അശരണരുടെ അത്താണിയായിരുന്നു അദ്ദേഹമെന്ന് സര്‍ഗവേദി രക്ഷാധികാരി സി.എച്ച് ബഷീര്‍, പ്രസിഡന്റ് അഡ്വ. ശംസുദ്ദീന്‍, കണ്‍വീനര്‍ അബ്ദുല്ലതീഫ് കരിങ്ങനാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി
ജിദ്ദ: കേരളക്കരയെ പോലെ തന്നെ പ്രവാസലോകവും വലിയ വേദനയോടെയാണ് മരണം അറിഞ്ഞത്. പ്രവാസലോകത്തെ വിസ്മയമായ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി 21 വർഷം മുമ്പ് നടപ്പിൽ വരുത്തുമ്പോൾ പ്രസ്തുത ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായ തങ്ങൾ നൽകിയ മാർഗനിർദേശങ്ങളും പിന്തുണയും പദ്ധതിയെ ഉന്നതിയിൽ എത്തിക്കുന്നതിന് സഹായിച്ചതായി ജില്ല കമ്മിറ്റി പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും അറിയിച്ചു.
പ്രവാസി സാംസ്കാരിക വേദി
ജിദ്ദ: സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായത്. തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച സൗമ്യ വ്യക്തിത്വമായിരു.
ഐ.എം.സി.സി സൗദി
ജിദ്ദ: സൗമ്യതയുടെ ഉദാത്തമായ അടയാളവും പ്രതീകവുമായിരുന്നു തങ്ങൾ. ഏതു കലുഷിത സാഹചര്യത്തിലും വളരെ സൗമ്യതയിലും സ്നേഹവായ്പ്പോടെയും ഇടപെടുന്ന തങ്ങളുടെ ശൈലി കേരള സമൂഹം എന്നും ആദരവോടെ സ്മരിക്കും. സമൂഹത്തിലെ അശരണർക്ക് എന്നും എന്തു വിഷയത്തിനായാലും ഒരു പരിഹാര സ്രോതസ്സായിരുന്നു തങ്ങൾ.
സ്നേഹവും കാരുണ്യവും വഴി ഒരു സമൂഹത്തിന് ദിശാബോധം നൽകിയ തങ്ങളുടെ വിയോഗം കേരളീയസമൂഹത്തിനു വലിയ നഷ്ടമാണെന്നും ഐ.എം.സി.സി സൗദി പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടി അറിയിച്ചു.
റിയാദ് ഒ.ഐ.സി.സി
റിയാദ്: തികഞ്ഞ മതേതര വാദിയും ജനാധിപത്യ വിശ്വാസിയുമായിരുന്നു തങ്ങൾ. സ്വന്തം മതവിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ ഇതര മതസ്ഥരെ ബഹുമാനിക്കാനും അവരുടെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മതേതര കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
റിയാദ് നവോദയ സാംസ്കാരിക വേദി
റിയാദ്: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരസ്പരം വെല്ലുവിളികളും പരിഹാസങ്ങളും ആക്രമണങ്ങളും നിറഞ്ഞ രാഷ്ട്രീയത്തിൽ സൗമ്യമുഖവുമായി സൗഹാർദത്തിന്റെ, അനുരഞ്ജനത്തിന്റെ ശൈലി സ്വീകരിച്ചിരുന്ന മാതൃകാ നേതാവായിരുന്നു. കേരള രാഷ്ട്രീയത്തിന് പൊതുവിലും മതേതര കേരളത്തിന് പ്രത്യേകിച്ചും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.
സൈന
റിയാദ്: കേരള രാഷ്ട്രീയത്തിൽ എന്നും നിറഞ്ഞുനിന്ന സൗമ്യനായ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സൈന) അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ജുബൈൽ: ജുബൈലിലെ വിവിധ സംഘടനാ നേതാക്കളായ ഹമീദ് പയ്യോളി, ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, അഷ്റഫ് മൂവാറ്റുപുഴ, നൂഹ് പാപ്പിനിശ്ശേരി, പ്രമരാജ്, ശിഹാബ് കായംകുളം, ഡോ. ജൗഷീദ്, കോയ താനൂർ, മുഫീദ്, അനിൽ കണ്ണൂർ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ, അബ്ദുൽ കരീം കാസിമി, സയ്യിദ്, നസീർ കഴക്കൂട്ടം, പി.കെ. നൗഷാദ് തുടങ്ങിയവർ അനുശോചിച്ചു.
ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ ജിദ്ദ
ജിദ്ദ: സൗമ്യനായ രാഷ്ട്രീയ നേതാവിനെയും പ്രഗല്ഭനായ മതനേതാവിനെയുമാണ് തങ്ങളുടെ വിയോഗത്തിലൂടെ കൈരളിക്ക് നഷ്ടമായത്. അനേകം മഹല്ലുകളുടെ ഖാദി പദവിയോടൊപ്പം തന്നെ മുസ്ലിംലീഗിന്റെ അധ്യക്ഷൻ കൂടിയായിരുന്ന തങ്ങൾ ഏവർക്കും സ്വീകാര്യനും മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തിയ നേതാവുമായിരുന്നു.
അല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്
ജിദ്ദ: ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും ഒരു പോലെ ശോഭിച്ചുനിന്ന തങ്ങളുടെ വിയോഗം മുസ്ലിം കൈരളിക്ക് തീരാനഷ്ടമാണ്. ഉമ്മത്തിന് നഷ്ടപ്പെട്ടത് പകരം വെക്കാനില്ലാത്ത നേതാവിനെയാണ്. തങ്ങള്‍ക്കുവേണ്ടി മയ്യിത്ത് നമസ്കരിക്കുകയും മറ്റു സൽകർമങ്ങള്‍ ചെയ്യണമെന്നും അഭ്യർഥിക്കുന്നതായി പ്രസിഡന്റ് മനാഫ് മൗലവി അല്‍ ബദരി പനവൂര്‍, സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, രക്ഷാധികാരി ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ എന്നിവര്‍ അറിയിച്ചു.
ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല
ജിദ്ദ: സൗമ്യതയും കാരുണ്യവും മുഖമുദ്രയാക്കിയ തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിനും യു.ഡി.എഫിനും അപരിഹാര്യമായ നഷ്ടമാണ്.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ
ജിദ്ദ: പൊതുജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞുപോകുന്നത്. രാഷ്ട്രീയ, സാമൂഹിക, ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പക്വതയിലും പാണ്ഡിത്യത്തിലും നേതൃപാടവത്തിലും സംഘാടനാശേഷിയിലും മഹാ മാതൃകയായ അദ്ദേഹത്തിനെ വിയോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്നു. തങ്ങളുടെ വിയോഗത്തിൽ അഗാധ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും ദുഃഖത്തിൽ പങ്കുചേരുന്നു.
പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി
ജിദ്ദ: കേരള രാഷ്ട്രീയത്തിൽ മതേതര മൂല്യങ്ങൾക്ക് വിലകൽപിക്കുന്ന സൗമ്യനായ രാഷ്ട്രീയ നേതാവിനെയും പ്രഗത്ഭനായ മതനേതാവിനെയുമാണ് നഷ്ടമായത്. ജാതിമതഭേദമന്യേ നിരവധി അശരണർക്ക് അത്താണിയും മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ അതിജാഗ്രതയും പുലർത്തിരുന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

