ചെങ്കടലിലെ വിസ്മയം ‘അബൂ അൽ മദാഫ’ ഗുഹകൾ
text_fields‘അബൂ അൽ മദാഫ’ ഗുഹകൾ സ്ഥിതിചെയ്യുന്ന ജിദ്ദ ചെങ്കടൽ ഭാഗത്തെ കാഴ്ചകൾ
ജിദ്ദ: ചെങ്കടലിലെ സൗദി ഭാഗങ്ങൾ വർണാഭമായ പവിഴപ്പുറ്റുകളാൽ സമ്പന്നമാണ്. വിവിധതരം സമുദ്രജീവികളുള്ള ഡസൻ കണക്കിന് പുരാതന കടൽ ഗുഹകളും ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള ഡൈവിങ്, വാട്ടർ സ്പോർട്സ് പ്രേമികളെ ആകർഷിക്കുന്ന ഇടങ്ങളാണിവ. ജിദ്ദയുടെ വടക്കുഭാഗത്തായാണ് ചെങ്കടലിൽ ‘അബൂ അൽ മദാഫ’ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ തെളിഞ്ഞ വെള്ളവും പവിഴപ്പുറ്റുകളുമുണ്ട്. ഡൈവിങ് കമ്പക്കാരുടെ പ്രിയപ്പെട്ട തുരുത്തായി ഇവിടം മാറിയിട്ടുണ്ട്.
ജിദ്ദ ബീച്ചിൽനിന്ന് വെറും 30 മിനിറ്റ് ബോട്ട് യാത്രയിലൂടെ എത്തിപ്പെടാൻ കഴിയുന്ന സ്ഥലമാണ് അബൂ അൽ മദാഫ. ഇവിടത്തെ ചെങ്കടൽ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ഗുഹകൾ വിവിധ സമുദ്രജീവികളുടെ അപൂർവ സംഗമ ഇടമാണെന്ന് പ്രദേശത്തേക്ക് ഡൈവിങ് ചെയ്തവർ സാക്ഷ്യപ്പെടുത്തുന്നു.
ഇടുങ്ങിയ അണ്ടർവാട്ടർ വഴികളിലൂടെ മുങ്ങൽ വിദഗ്ധർ ഇവിടേക്ക് സഞ്ചാരം നടത്താറുണ്ട്. 60 മീറ്റർ വരെ ആഴത്തിൽ പോയാൽ എത്തുന്ന ഈ സ്ഥലം സമ്പന്നമായ പവിഴപ്പുറ്റുകളുടെയും അപൂർവ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. തെളിഞ്ഞ വെള്ളത്തിൽ ജീവികളുടെ വ്യക്തമായ ദൃശ്യപരതയാണ് ഇവിടത്തെ മുഖ്യ ആകർഷകം. ട്യൂണ, ബരാക്കുഡ, ബ്ലാക്ക്ടിപ്, വൈറ്റ്ടിപ് സ്രാവുകൾ, വിവിധ റീഫ് മത്സ്യങ്ങൾ എന്നിവ ധാരാളമായി ഇവിടെ കാണാൻ കഴിയുന്നതിനാൽ പരിചയസമ്പന്നരായ ഡൈവിങ് കമ്പക്കാർ കൂടുതൽ ഇങ്ങോട്ട് ആകർഷിക്കപ്പെടുന്നു.
ചെങ്കടൽ സമുദ്ര ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യം അടുത്തറിയാൻ കടലിലേക്കുള്ള യാത്ര ഏറെ ഉപകരിക്കുന്നു. ലോകത്തുള്ള പവിഴപ്പുറ്റുകളുടെ ഏകദേശം ഏഴു ശതമാനവും സൗദിയിലെ ചെങ്കടൽ ഭാഗങ്ങളിലാണെന്ന് വിലയിരുത്തുന്നു. 300ലധികം ഇനങ്ങളിലുള്ള പവിഴപ്പുറ്റുകൾ സൗദിയിൽ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ചെങ്കടൽ സമുദ്രജീവികളെ സംരക്ഷിക്കാനായി സൗദി കഴിഞ്ഞ വർഷം 200 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.
ഡ്രോണുകൾ, അണ്ടർ വാട്ടർ സെന്ററുകൾ, ഉപഗ്രഹങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി സൗദി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളും നിർമിതബുദ്ധിയും ചെങ്കടൽ സംരക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും ഫലപ്രദമായി അധികൃതർ ഉപയോഗപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

