ഹബ്ലയിലെ വിസ്മയത്തുമ്പത്ത്...!
text_fieldsഅബഹ: അഗാധ ഗർത്തങ്ങളുടെയും താഴ്ചയുള്ള പ്രദേശങ്ങളുടെയും വിസ്മയക്കാഴ്ചയൊരുക്കുന്ന ഒരിടമാണ് ഹബ്ല. സന്ദർശകർക്ക് ഈ അത്ഭുത താഴ്വാരം നയനാനന്ദകരമായ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. അസീർ പ്രവിശ്യയിലെ അബഹ നഗരത്തിൽനിന്ന് ഏകദേശം 57 കിലോമീറ്റർ അകലെ അൽ വദീൻ പ്രദേശത്താണ് അൽ ഹബ്ല എന്ന പൗരാണികഗ്രാമം സ്ഥിതിചെയ്യുന്നത്. ദർബ് വഴിയോ മൊഹായിൽ വഴിയോ യാത്രചെയ്ത് നജ്റാൻ റോഡുവഴി ചുരംകയറി ഹബ്ലയിലെത്താം. 400 മീറ്റർ താഴ്ചയുള്ള പുരാതനപ്രദേശമാണ് ഹബ്ല. 70ലധികം പരമ്പരാഗത അറബ് കുടുംബങ്ങൾ താമസിച്ചിരുന്ന ഈ താഴ്വരയിലേക്ക് കയർ കെട്ടിയാണ് പ്രദേശവാസികൾ ഒരുകാലത്ത് ഇറങ്ങുകയും കയറുകയും ചെയ്തിരുന്നതെന്ന് അറബ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
കയർ എന്ന അർഥം വരുന്ന 'ഹബ്ല' എന്ന പേര് ഇതുകൊണ്ടാണ് ഈ പ്രദേശത്തിന് ലഭിച്ചതെന്നും പറയപ്പെടുന്നു. കുത്തനെയുള്ള പാറക്കെട്ടിൽ കയറുകൊണ്ട് നിർമിച്ച ഗോവണികൾ ഉപയോഗിച്ചായിരുന്നു പ്രദേശവാസികളുടെ സഞ്ചാരം. നഗരജീവിതവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് ഗ്രാമീണജീവിതം നയിച്ചിരുന്ന ഇവിടത്തെ പ്രദേശവാസികളെ ഫൈസൽ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്റെ കാലത്ത് അസീറിന്റെ വിവിധ പ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിച്ചത്. ഹബ്ല പ്രദേശവാസികൾക്കായി കിങ് ഫൈസൽ ചാരിറ്റബിൾ വില്ലേജ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ആധുനിക വില്ലേജ് തന്നെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന പ്രകൃതിരമണീയമായ പർവതദൃശ്യങ്ങൾ സഞ്ചാരികളുടെ ഇഷ്ടതാവളമായി മാറിയിരിക്കുകയാണ്. നയനമനോഹരമായ കാഴ്ചയൊരുക്കുന്ന ഗിരിമേഖലകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അവധിദിനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ഇവിടത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർ കുടുംബസമേതം എത്തുന്ന കാഴ്ച കാണാം. പൊതുവെ മിതമായ കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ശീതകാലത്ത് നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. കോടമഞ്ഞും നേർത്തകാറ്റും ഇളംവെയിലുമൊക്കെ മാറിമാറിവരുന്ന പ്രദേശത്തെ മാറ്റങ്ങളും സഞ്ചാരികൾക്ക് മനംമയക്കുന്ന കാഴ്ചയൊരുക്കുന്നു. കുത്തനെയുള്ള മലമുകളിൽനിന്ന് താഴെയുള്ള അഗാധ ഗർത്തത്തിലേക്ക് പൗരാണിക മനുഷ്യരുടെ സഞ്ചാരരീതികൾ എങ്ങനെയായിരിക്കുമെന്ന ചിന്തകൾ ഇവിടെയെത്തിയാൽ മനസ്സിലേക്ക് ഓടിയെത്തും. ഹബ്ലയുടെ ഉച്ചിയിൽനിന്ന് ഏതു പ്രദേശത്തേക്ക് നോക്കിയാലും സമാനമായ കാഴ്ചകൾ കാണാം. മലയടിവാരത്ത് പൗരാണിക താമസക്കാർ ഉപേക്ഷിച്ചുപോയ വീടുകളുടെയും കെട്ടിടങ്ങളുടെയും പുരാതന കവലയുടെയും ശേഷിപ്പുകൾ കാണാം.
പർവതങ്ങളിൽനിന്ന് ഒഴുകിവരുന്ന ഉറവകൾ ഉപയോഗപ്പെടുത്തി വിവിധയിനം പച്ചക്കറികളുടെയും ഫലങ്ങളുടെയും കൃഷിയിൽ ഗ്രാമീണരായ അറബികൾ ഇന്നും ഇവിടത്തെ താഴ്വാരങ്ങളിലെ നിത്യകാഴ്ചയാണ്. വനസമാനമായ നിബിഢ മരങ്ങൾ, ഹരിതാഭമായ പ്രകൃതിഭംഗി, മലഞ്ചെരുവിൽ തീർത്ത മഖ്ബറ എന്നിവയും താഴ്വരയിലെ അപൂർവ കാഴ്ചകളാണ്. പ്രദേശത്തേക്ക് എത്തിപ്പെടാൻ ഇപ്പോൾ ആധുനിക യന്ത്രവത്കൃത റോപ്വേ സംവിധാനം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വിസ്മയക്കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റെടുത്ത് റോപ്വേ യാത്ര ചെയ്യാം.
ഹബ്ല പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന 400ലധികം ചരിത്രവസ്തുക്കൾ ഉൾക്കൊള്ളുന്ന മ്യൂസിയവും പർവതമുകളിലുണ്ട്. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള അസീർ പ്രദേശത്തിന്റെ പൈതൃകം മനസ്സിലാക്കാൻ ഇത് സഹായകമാകുന്നു. കുടുംബത്തോടൊപ്പം സന്ദർശനം നടത്തുന്നവർക്ക് വിശ്രമിക്കാനും മറ്റുമുള്ള സംവിധാനങ്ങളും റസ്റ്റാറന്റുകളും ഈ മ്യൂസിയം സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്നു.
വാരാന്ത്യ അവധി ദിനങ്ങളിൽ മാത്രമാണ് ഇപ്പോൾ ടിക്കറ്റെടുത്ത് മ്യൂസിയം സന്ദർശിക്കാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

