പഴമയുടെ പെരുമയിൽ ദീൻ ഐൻ ഗ്രാമം
text_fieldsഅൽബാഹയിലെ മാർബ്ൾ വീടുകൾ
യാംബു: പ്രസന്നമായ കാലാവസ്ഥയും ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ പർവതനിരകളുമുള്ള അൽബാഹയിലെ അപൂർവ കാഴ്ചാനുഭവമാണ് ദീൻ ഐൻ വില്ലേജിലെ കോട്ടയിലുള്ള മാർബ്ൾ വീടുകൾ. വളരെ പുരാതനമായ ശേഷിപ്പുകളാണിത്. സമുദ്ര നിരപ്പിൽനിന്ന് 2,500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അൽബാഹയിലെ ബനീ സാർ, ദീൻ സഐൻ എന്നീ ഗ്രാമങ്ങളിലാണ് 1833ൽ പണിത കൊട്ടാരം പടർന്നുകിടക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽബാഹ നഗരത്തിൽനിന്ന് 24 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മാർബ്ൾ കല്ലുകൾകൊണ്ട് പണിത 49 ചെറുവീടുകളാണ് നാലു നിലകളിലായി പണിത ഈ കോട്ടയിലുള്ളത്. ഒന്നാം നിലയിൽ ഒമ്പതു വീടുകളും രണ്ടാം നിലയിൽ 19 വീടുകളും മൂന്നാം നിലയിൽ 11 വീടുകളും നാലാം നിലയിൽ 10 വീടുകളും കാണാം. മാർബ്ൾ കല്ലുകൾ അടുക്കിവെച്ച് ഏകദേശം 90 സെന്റിമീറ്റർ വീതിയിൽ ചുമരുകൾ ആകർഷണീയ രീതിയിൽ നിർമിച്ചശേഷം മേൽക്കൂരകൾ ദേവദാരു മരത്തിന്റെ തടികളും ഈന്തപ്പനയുടെ തടികളും ഓലകളും ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
കോട്ടയിൽ അടിത്തറ മുതൽ മിനാരം വരെ മാർബ്ൾകൊണ്ട് നിർമിച്ച ഒരു കൊച്ചുപള്ളിയും കാണാം. സന്ദർശകർക്ക് ഇവിടെ പ്രവേശനം സൗജന്യമാണ്.
2014ൽ യുനെസ്കോ അംഗീകരിച്ച പൈതൃക ഗ്രാമങ്ങളിൽ സൗദിയിലെ ഈ പൗരാണിക ഗ്രാമവും ഉൾപ്പെട്ടിട്ടുണ്ട്. അമ്പതിലേറെ പൈതൃക ശേഷിപ്പുകൾ ഈ പഴയ ഗ്രാമത്തിൽ സംരക്ഷിച്ചുവരുന്നുണ്ട്. 10ാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ആളുകൾ താമസം തുടങ്ങിയിരുന്നതായി അറബ് ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. 400 വർഷം മുമ്പ് വരെ കോട്ടയിലെ വീടുകളിൽ താമസം ഉണ്ടായിരുന്നു. അബ്ദുൽ അസീസ് രാജാവ് സൗദി ഒറ്റരാജ്യമാക്കി ഭരണം നടത്തുന്നതിനുമുമ്പ് സഹ്റാനി, ഗാംദി എന്നീ ഗോത്രങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഗ്രാമത്തിന്റെ പൈതൃക മഹിമ നിലനിർത്താൻ സൗദി ടൂറിസം വകുപ്പ് 16 ദശലക്ഷം റിയാൽ ചെലവഴിച്ച് ബഹുമുഖമായ പദ്ധതികളാണ് ഇവിടെ നടപ്പാക്കിവരുന്നത്.
സന്ദർശകർക്ക് ആവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും വിശാലവാഹന പാർക്കിങ് സൗകര്യങ്ങളും ഇവിടെയുണ്ട്. മാർബിളിന് പേരുകേട്ട സൗദിയിലെ ദീൻ ഐൻ വില്ലേജ് കാർഷിക സമൃദ്ധവുമാണ്. അൽബാഹയിൽ സറാവത്ത് പർവതവുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് ചുരം റോഡിലെ ചരിവിലാണ് ഈ കാർഷിക ഗ്രാമം സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

