ശരീരം തളർന്ന ഉത്തർപ്രദേശ് സ്വദേശിയെ കേളി നാട്ടിലെത്തിച്ചു
text_fieldsപക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃതരും. 17 വർഷത്തോളമായി റിയാദിൽ ജോലിചെയ്യുന്ന അജാജ് അഹമ്മദ് കഴിഞ്ഞ നാല് മാസമായി കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തീർത്തും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആത്മാർഥമായ സഹകരണം ലഭിച്ചതിനെ തുടർന്നാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായത്. അജാജിനെ നാട്ടിലെത്തിക്കാൻ സഹായിക്കാമോ എന്ന ആശുപത്രി അധികൃതരുടെ അഭ്യർഥന സ്വീകരിച്ചാണ് കേളി ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഇടപെട്ടതെന്ന് ഭാരവാഹികൾ അറിയിച്ചു.
ദീർഘകാലം ഡ്രൈവറായി ജോലിചെയ്യുകയും അടുത്തിടെ സ്പോൺസറുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറുകയായിരുന്നു. ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട അജാജിനെ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പച്ചുവെങ്കിലും തുടർന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല. അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങൾക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്.
ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണം അജാജിന്റെ രോഗത്തിന് അൽപ്പം ആശ്വാസം ലഭിച്ചു. സ്പോൺസറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടിയത്.
തുടർന്ന് നാസർ പൊന്നാനി ആശുപത്രിയിൽ നിന്നും രേഖകൾ ശേഖരിക്കുകയും ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിർദേശാനുസരണം നടപടിക്രമങ്ങൾ നീക്കി. സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്പോർട്ടും നൽകി.
കൂടെ യാത്രചെയ്യാൻ സഹായത്തിനായി സോഷ്യൽ മീഡിയ വഴി അഭ്യർഥന നൽകി. അജാജിന്റെ തന്നെ നാട്ടുകാരനായ ഒരാൾ വന്നെങ്കിലും വിമാനത്താവളത്തിലെത്തി അദ്ദേഹം അവസാന നിമിഷം പിന്മാറി. തുടർന്ന് വിവരങ്ങൾ അന്വേഷിച്ച മുഹമ്മദ് ഉമർ എന്ന ഡൽഹി സ്വദേശി മുന്നോട്ട് വന്ന് ഇദ്ദേഹത്തെ ഏറ്റെടുത്തു.
തുടർന്ന് മണിക്കൂറുകളോളം യാത്രാരേഖകൾ ശരിയാക്കാൻ സമയമെടുത്തു. അത്രയും നേരം അദ്ദേഹവും അജാജിന് വേണ്ടി സഹകരിച്ചു. ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിൽ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ ചെയ്ത് നൽകി. കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ അജാജ് നാടണഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

