വായനയുടെ വസന്തവുമായി ജിദ്ദയിൽ 'ബുക്ക് ഹറാജ്' മൂന്നാം പതിപ്പ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
text_fields'ബുക്ക് ഹറാജ്' സംഘാടകരായ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സാരഥികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് 'ബുക്ക് ഹറാജി'നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 10 ശനിയാഴ്ച വൈകിട്ട് നാല് മുതൽ രാത്രി 11 മണി വരെ ശറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. വായിച്ചുതീർത്ത പുസ്തകങ്ങൾ കൈമാറുന്നതിനും പുതിയവ പരിചയപ്പെടുന്നതിനും അവസരമൊരുക്കുന്ന പരിപാടിയിൽ പഴയതും പുതിയതുമായ 2000 ത്തോളം പുസ്തകങ്ങളാണ് പ്രത്യേക സ്റ്റാളുകളിലായി അക്ഷരപ്രേമികളെ കാത്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും കൃതികൾക്കൊപ്പം വിദ്യാർഥികൾക്കായുള്ള അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും, ബാലകൃതികളുമെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും. അതോടൊപ്പം ചില പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമെല്ലാം സൗജന്യമായും സന്ദർശകർക്ക് ലഭ്യമാക്കും. എല്ലാ പ്രായക്കാർക്കും വായനയോട് ആഭിമുഖ്യം വളർത്തുന്ന രീതിയിലാണ് പുസ്തകശേഖരം ക്രമീകരിച്ചിരിക്കുന്നത്.
പുസ്തക വിപണനത്തിനപ്പുറം വൈവിധ്യമാർന്ന വിജ്ഞാന, വിനോദ സ്റ്റാളുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്നും സംഘാടകർ അറിയിച്ചു. കാപ്പിക്കുരുവിന്റെ കഥ പറയുന്ന 'ബുക്ക് എ കോഫി കോർണർ', ചിത്രകലയും കാലിഗ്രഫിയും ഇഷ്ടപ്പെടുന്നവർക്കായി കരവിരുതിന്റെ മികവ് അവതരിപ്പിക്കുന്ന 'ആർടിബിഷൻ', ആധുനിക സമൂഹത്തിന്റെ വേഗതാ ഗതി നിർണയിച്ച ആകാശ പറക്കലിന്റെ തുടക്കം, വരയിൽ വിസ്മയം തീർക്കുന്ന ഓപ്പൺ കാൻവാസ്, വായനയുടെ രുചിഭേദം തീർക്കുന്ന “ബുക്സ്‌ടോറന്റ്” തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ 'ബുക്ക് ഹറാജി'ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ, കൺവീനർ റഷാദ് കരുമാര, പ്രോഗ്രാം കൺവീനർ ഷഫീഖ് പട്ടാമ്പി, ജൈസൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

