സൗദിയിൽ ചൂട് കനക്കുന്നു; ചിലയിടങ്ങളിൽ 50 ഡിഗ്രി വരെ
text_fieldsയാംബു: സൗദിയിൽ വിവിധ ഭാഗങ്ങളിൽ ചൂട് കനക്കുന്നു. ചിലയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ ഗവർണറേറ്റിൽ തിങ്കളാഴ്ച ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ് രേഖപ്പെടുത്തിയത്. അൽ അഹ്സയിൽ താപനില കഴിഞ്ഞ ദിവസം 50 ഡിഗ്രി സെൽഷ്യസിൽ എത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്തു.
ജൂലൈ 18ന് താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീട് 13 ദിവസത്തിനുശേഷമാണ് 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ദമ്മാം നഗരത്തിൽ തിങ്കളാഴ്ച 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ഹഫർ അൽ ബാത്വിൻ മേഖലയിലെ ഖൈസുമയിലും ഖസീം പ്രവിശ്യയിലെ ബുറൈദയിലും 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
റിയാദ്, ശറൂറ, വാദി അൽ ദവാസിർ, റഫ എന്നിവിടങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ ഈയാഴ്ച അവസാനം വരെയുള്ള ദിവസങ്ങളിൽ 46 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കുറച്ചുദിവസം മുമ്പ് ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നു. കിഴക്കൻ പ്രവിശ്യയിലും മധ്യപ്രവിശ്യയുടെ ചില ഭാഗങ്ങളിലും കാലാവസ്ഥ കടുത്ത ചൂടായി തുടരുമെന്ന് റിപ്പോർട്ടിൽ കേന്ദ്രം സൂചിപ്പിച്ചു.
പൊടിക്കാറ്റിനൊപ്പം പരമാവധി താപനില ഉയർന്ന നിലയിൽ ചില പ്രദേശങ്ങളിൽ കാലാവസ്ഥ മാറ്റം തുടരും. ഇത് ചില ഭാഗങ്ങളിൽ തിരശ്ചീന ദൃശ്യപരതയുടെ വ്യാപ്തി പരിമിതപ്പെടുത്തും. കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും റിയാദ് മേഖലയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ 46 മുതൽ 48 വരെ ഡിഗ്രി സെൽഷ്യസ് താപനിലയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.
റിയാദ്, ഖസീം, മദീന പ്രവിശ്യകളിൽ താപനില കൂടിയ അവസ്ഥയിൽതന്നെ തുടരും. പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാതപമേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് വേനൽചൂട് കനക്കുന്നതിനിടെ തൊഴിലാളികളെക്കൊണ്ട് പുറംജോലികൾ എടുപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് നേരത്തേതന്നെ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുറംജോലി ചെയ്യുന്ന തൊഴിലാളികൾ വെയിലേൽക്കുന്നില്ലെന്ന് തൊഴിലുടമകൾ ഉറപ്പുവരുത്തണം. സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറംജോലി ചെയ്യുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അക്കാര്യം പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

