അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ആറാമത് എഡിഷന് ജിദ്ദയിൽ തുടക്കം
text_fieldsജിദ്ദയിൽ അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ആറാമത് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റ്
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിലെ (സിഫ്) അംഗ ക്ലബുകളെ ഉൾപ്പെടുത്തി ജിദ്ദയിൽ ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഇലവൻസ് ഫുട്ബാൾ ടൂർണമെൻറ് അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് 2025ന് ആവേശകരമായ തുടക്കം. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ് അൽറുസൂഫ് ബ്ലൂ സ്റ്റാർ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെൻറ് സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ബ്ലൂ സ്റ്റാർ ക്ലബ് പ്രസിഡൻറ് ഷരീഫ് പരപ്പൻ അധ്യക്ഷത വഹിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഷഫീക്ക് പട്ടാമ്പി സ്വാഗതവും വൈസ് പ്രസിഡൻറ് ഷരീഫ് സാംസങ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പെൻറീഫ് കൂട്ടായ്മയിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും കാണികൾക്ക് നല്ല ദൃശ്യാനുഭവമായി.
ടൂർണമെന്റിലെ ബി ഡിവിഷൻ ആദ്യ മത്സരത്തിൽ ആതിഥേയരായ അബീർ എക്സ്പ്രസ് ബ്ലൂസ്റ്റാർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടെക്സോ പാക്ക് ന്യൂ കാസിൽ എഫ്.സിയെ പരാജയപ്പെടുത്തി. അബീർ എക്സ്പ്രസ് ബ്ലൂ സ്റ്റാറിനുവേണ്ടി അലൻ സോളമൻ (2), സുഫൈദ് എന്നിവരും ന്യൂ കാസിലിനുവേണ്ടി നിബിൽ, മുഹമ്മദ് ഷുഹൈബ് എന്നിവരും ഗോളുകൾ നേടി. ബ്ലൂ സ്റ്റാറിന്റെ അലൻ സോളമൻ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ വെൽ കണക്ട് ട്രേഡിങ് ഫ്രണ്ട്സ് ജിദ്ദ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയ് മസാല ബി.എഫ്.സിയെ പരാജയപ്പെടുത്തി. മുഹമ്മദ് ജവാസിൻ (2), റിയാസ് വയനാട് എന്നിവർ ഫ്രണ്ട്സ് ജിദ്ദ ടീമിനുവേണ്ടി ഗോളുകൾ നേടി. ഫ്രണ്ട്സ് ജിദ്ദയുടെ മുഹമ്മദ് ജവാസിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
ആവേശകരമായ എ ഡിവിഷൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ സിഫ് മുൻ ചാമ്പ്യന്മാരായ ചാംസ് സബീൻ എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് എഫ്.സി ആദ്യ ജയവും മൂന്ന് പോയിന്റും കരസ്ഥമാക്കി. മുഹമ്മദ് ജിയാദ് (2), മുഹമ്മദ് നിയാസ് എന്നിവർ ബ്ലാസ്റ്റേഴ്സ് എഫ്.സിക്കുവേണ്ടി ഗോളുകൾ നേടി. മുഹമ്മദ് ജിയാദ് ആയിരുന്നു മത്സരത്തിലെ മികച്ച താരം.
ഓരോ മത്സരത്തിലെയും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്കുള്ള വിജയ് മസാല നൽകുന്ന ട്രോഫിയും കിറ്റും ഷീറ ലാത്തിൻ നൽകുന്ന ഗിഫിറ്റ് കിറ്റും സിഫ് വൈസ് പ്രസിഡൻറ് സലാം കാളികാവ്, എൻകംഫർട് എം.ഡി ലത്തീഫ് പെരിന്തൽമണ്ണ, മമ്പാട് പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ അലി മമ്പാട് എന്നിവർ സമ്മാനിച്ചു. സിഫ് സീനിയർ വൈസ് പ്രസിഡൻറ് സലിം മമ്പാട്, ജനറൽ കാപ്റ്റൻ അൻവർ കരിപ്പ, വൈസ് പ്രസിഡൻറ് ഫിറോസ് ചെറുകോട്, മാധ്യമ പ്രവർത്തകരായ സാദിഖലി തുവ്വൂർ, ജാഫറലി പാലക്കോട് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച ടൂർണമെന്റിൽ നാല് മത്സരങ്ങളാണ് ഉണ്ടാവുക. ഏഴു മണിക്ക് ആദ്യ മത്സരത്തിൽ വെറ്ററൻസ് വിഭാഗത്തിൽ ഹിലാൽ എഫ്.സി അബീർ ഫ്രൈഡേ എഫ്.സി ജിദ്ദയുമായി ഏറ്റുമുട്ടും. തുടർന്ന് ബി ഡിവിഷൻ മത്സരങ്ങളിൽ അറബ് ഡ്രീംസ് എ.സി.സി ബി ടീം, റീം യാസ് എഫ്.സിയുമായും, സൈക്ളോൺ ഐ.ടി സോക്കർ എഫ്.സി, റെഡ് സീ ബ്ലാസ്റ്റേഴ്സുമായും ഏറ്റുമുട്ടും. അവസാന എ ഡിവിഷൻ മത്സരത്തിൽ എൻകംഫർട് എ.സി.സി എ ടീമും റീം റിയൽ കേരള ടീമും ഏറ്റുമുട്ടും. ടൂർണമെന്റിനോടനുബന്ധിച്ച് കാണികൾക്കായി നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയിലും എൽ.ഇ.ഡി ടെലിവിഷൻ തുടങ്ങിയ സമ്മാനങ്ങൾക്ക് പുറമെ ബമ്പർ സമ്മാനമായി നാട്ടിൽ ഒരു സ്കൂട്ടിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

