Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി

text_fields
bookmark_border
മേൽനോട്ടം വഹിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ
വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി
cancel
camera_alt

കഅ്​ബ കഴുകൽ ചടങ്ങ്​ നടക്കുന്നു

മക്ക: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂർത്തിയായി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ മിശ്അൽ ബിൻ മജീദ് ബിൻ അബ്​ദുൽ അസീസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. മസ്ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഇരുഹറം പരിപാലന അതോറിറ്റി മേധാവികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് കഅ്ബയ്ക്കുള്ളിൽ പ്രവേശിച്ച ഡെപ്യൂട്ടി ഗവർണർ, പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ച് കഅ്ബയുടെ തറ കഴുകി. ഉൾച്ചുവരുകൾ പനിനീരിൽ മുക്കിയ പ്രത്യേക തുണികൾ ഉപയോഗിച്ചാണ് തുടച്ചു വൃത്തിയാക്കിയത്. പ്രധാന വാതിലിലെ തിരശ്ശീല ഉയർത്തിയതോടെയാണ് കഴുകൽ ചടങ്ങി​ന്​ പ്രാരംഭം കുറിച്ചത്​.

വാർഷിക ചടങ്ങിൽ പിന്തുടരുന്ന പരമ്പരാഗതമായ നടപടിക്രമങ്ങൾക്കനുസൃതമായി, മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് കഅ്ബ കഴുകൽ പ്രക്രിയ പൂർത്തിയാക്കിയത്. ചടങ്ങിനുള്ള ഒരുക്കം, കഴുകൽ, തുടർന്ന് സുഗന്ധദ്രവ്യങ്ങൾ പൂശലും പുകയ്ക്കലും എന്നിവയായിരുന്നു ഈ ഘട്ടങ്ങൾ.

ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി മുൻകൂട്ടി തയ്യാറാക്കിയ മേത്തരം സുഗന്ധവസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 15 ലിറ്റർ സംസം വെള്ളം, 15 ലിറ്റർ റോസ് വാട്ടർ, 15 ലിറ്റർ റോസ് ഓയിൽ, 100 മില്ലി ഊദ് ഓയിൽ എന്നിവ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. കഅ്ബയുടെ പവിത്രതയ്ക്കും മുസ്‍ലിംകളുടെ ഹൃദയങ്ങളിൽ അതിനുള്ള ഉന്നതമായ സ്ഥാനത്തിനും അനുയോജ്യമായ രീതിയിൽ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് ഓരോ ഘട്ടവും നിർവഹിച്ചതെന്ന് ഇരുഹറം പരിപാലന അതോറിറ്റി വ്യക്തമാക്കി.

വിശുദ്ധ കഅ്ബ കഴുകുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ അതോറിറ്റി നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ആവശ്യമായ സാങ്കേതിക, സേവന, മാനവ വിഭവശേഷി ചടങ്ങിനായി സജ്ജമാക്കിയിരുന്നുവെന്നും സാങ്കേതിക-എൻജിനീയറിങ് ജീവനക്കാരുടെ പൂർണ പിന്തുണ ഇതിനുണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കഅ്ബ കഴുകി പരിപാലിക്കുക എന്നത് സൗദി സ്ഥാപകൻ അബ്​ദ​ുൽ അസീസ് രാജാവി​െൻറ കാലഘട്ടം മുതൽ നിലവിലുള്ള ദൃഢവും സ്ഥിരവുമായ ഒരു സമ്പ്രദായമാണ്. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും ഭരണത്തിൻ കീഴിലും ഈ പാരമ്പര്യം ഉന്നതമായ രീതിയിൽ നിലനിർത്തിപ്പോരുന്നുണ്ടെന്നും ഇരുഹറം പരിപാലന അതോറിറ്റി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The ritual of washing the Holy Kaaba was completed with devotion
Next Story