പരിഷ്കരിച്ച തൊഴിൽ കരാർ ഇന്നു മുതൽ പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദിയിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്കരിച്ച തൊഴിൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ദേശീയ പരിവർത്തന സംരംഭങ്ങളിലൊന്നായ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിെൻറയും ദേശീയ വിവരകേന്ദ്രത്തിെൻറയും സഹകരണത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നത്.
സൗദി തൊഴിൽ വിപണിയിലെ അടിസ്ഥാനപരമായ മാറ്റവും തൊഴിലുടമയും വിദേശ തൊഴിലാളികളും തമ്മിലുള്ള ബന്ധവുമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നവംബർ നാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മാർച്ച് 14 ഞായറാഴ്ച മുതൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തൊഴിൽ മാറ്റം, റീഎൻട്രി സംവിധാനങ്ങളുടെ വികസനം, ഫൈനൽ എക്സിറ്റ് എന്നീ മൂന്ന് പ്രധാന സേവനങ്ങൾ നൽകുന്നതാണ് പദ്ധതി. തൊഴിലുടമയുടെ അനുമതിയില്ലാതെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് മാറാൻ തൊഴിൽ മാറ്റം സേവനം അനുവദിക്കുന്നു.
കരാർ കാലാവധിയുള്ള സമയത്ത് തൊഴിൽ മാറ്റത്തിനുള്ള സംവിധാനങ്ങളും നിർണയിക്കുന്നുണ്ട്. റീഎൻട്രി സേവനത്തിലൂടെ റീഎൻട്രി വിസ തൊഴിലാളിക്ക് തന്നെ നേടാൻ സാധിക്കും. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ എക്സിറ്റ് വിസ നേടാൻ എക്സിറ്റ് വിസ സേവനത്തിലൂടെ തൊഴിലാളിക്ക് സാധിക്കും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും തൊഴിലുടമയെ വിവരങ്ങൾ അറിയിക്കുക.
കരാർ കാലയളവിൽ ജോലി അവസാനിച്ച് സ്വദേശത്ത് തിരിച്ചുപോകാനാഗ്രഹിക്കുന്നവർക്ക് കരാർ അവസാനിപ്പിക്കുന്നതുമൂലമുണ്ടാകുന്ന ബാധ്യതകൾ വഹിക്കുകയാണെങ്കിൽ പോകാനും അനുവദിക്കുന്നതുമാണ് പുതിയ തൊഴിൽ പരിഷ്കരണ കരാർ.
ഈ സേവനങ്ങളെല്ലാം 'അബ്ശിർ' പ്ലാറ്റ്ഫോം വഴിയും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ 'ക്വിവ' പ്ലാറ്റ്ഫോം വഴിയും നൽകും. രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പദ്ധതിയിലുൾപ്പെടും. വിദേശികളായ ഗാർഹിക ജോലിക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വ്യവസ്ഥാപിതവും ആകർഷകവുമായ രീതിയിൽ തൊഴിൽ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വർധിപ്പിക്കുക, മാനുഷികമായ കഴിവുകൾ ശാക്തീകരിക്കുക, നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, ഉൽപാദന ക്ഷമത വർധിപ്പിക്കുക, വിദഗ്ധരായവരെ സൗദി വിപണിയിലേക്ക് ആകർഷിക്കുക, തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാനമായും പുതിയ പരിഷ്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേരത്തെ വിവിധ സംരംഭങ്ങൾ മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. വേതന സംരക്ഷണ പദ്ധതി, ഇലക്ട്രോണിക് കരാർ ഡോക്യുമെേൻറഷൻ, തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള 'വുദീ' പരിപാടി, തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള ഇൻഷുറൻസ് പ്രോഗ്രാം തുടങ്ങിയവ നടപ്പിലാക്കിയ പദ്ധതികളിലുൾപ്പെടും.
കരാർ അടിസ്ഥാനത്തിൽ തൊഴിലാളിയേയും തൊഴിലുടമയേയും ബന്ധിപ്പിക്കുന്ന പുതിയ സംരംഭം ഇരുകൂട്ടർക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അസമത്വം കുറയ്ക്കുന്നതിനും പ്രതിഭകളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിലും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

