ശൈത്യകാല കുളിരിൽ യാംബു ചെങ്കടൽ തീരങ്ങൾ
text_fields
യാംബു: സൗദിയിലെ ശൈത്യകാല ഉല്ലാസത്തിനായി കടൽത്തീരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുങ്ങി. ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. യാംബുവിലെ ചെങ്കടൽ തീരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വെളുത്ത മണൽ പ്രദേശം, തെളിമയാർന്ന നീലിമയാർന്ന ജലം, അപൂർവയിനം സമുദ്ര ജീവികളും വർണാഭമായ പവിഴപ്പുറ്റുകളും ഇവിടെ സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
‘ചെങ്കടലിന്റെ മുത്ത്’ എന്നറിയപ്പെടുന്ന യാംബു സംയോജിത വിനോദസഞ്ചാര കേന്ദ്രം കൂടിയാണിപ്പോൾ. എല്ലാ അഭിരുചിക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നതിൽ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി യാംബു ടൂറിസം മേഖലകൾ ഇതിനകം മാറിയിരിക്കുന്നു. യാംബുവിലെ വിവിധ ബീച്ചുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കൂടാരങ്ങളും നടക്കാനുള്ള പാതകളും ക്യാമ്പിങ് നടത്താനുള്ള ഇടങ്ങളും കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ കടൽത്തീരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും ധാരാളം ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. സൗദിയിൽ പ്രഭാത പ്രശാന്തതയുടെ തീരം എന്ന വിശേഷണം അർഹിക്കുന്ന ബീച്ചുകളാണ് യാംബുവിലേത്. രാജ്യത്തിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ യാംബു വാട്ടർ ഫ്രണ്ട് പാർക്ക് ഇടം പിടിച്ചിട്ടുണ്ട്. അവധിക്കാലം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളം പേർ കുടുംബവുമായി സായാഹ്നങ്ങളിൽ ഇവിടെ എത്തുന്നുണ്ട്.
സ്കൂബ ഡൈവിങ്, സ്നോർക്കലിങ് തുടങ്ങിയവക്കും അനുയോജ്യമായ ചെങ്കടൽ ഭാഗങ്ങളാണ് യാംബുവിലുള്ളത്. ഇതിനായി പ്രത്യേകം സംവിധാനങ്ങൾ തന്നെ ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കടലിലെ ആഴം കുറഞ്ഞ ചില ഇടങ്ങളിൽ സുരക്ഷിതമായ നീന്തലിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യാംബുവിൽ പൊതുവെ വർഷം മുഴുവൻ മിതമായ കാലാവസ്ഥയാണ് എന്നത് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യമായ മറ്റൊരു ഘടകമാണ്.
ശീതകാലത്ത് ഇവിടുത്തെ താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാണ്. യാംബുവിലെ അതിവിശാലമായ മനോഹരമായ വാട്ടർ ഫ്രണ്ട് പാർക്കും റോയൽ കമീഷനിലെ മനുഷ്യനിർമിതമായ ‘നൗറസ്’ ദ്വീപും യാംബു ജലാശയവും ചെറുതും വലുതുമായ 37 പാർക്കുകളും സന്ദർശകരെ ഹഠാദാകർഷിക്കുന്നു. ഊർജ, പരിസ്ഥിതി രൂപകൽപന മേഖലകളിൽ മികവുറ്റ പ്രകടനം കാഴ്ച് വെച്ചതിന് ആഗോളതലത്തിലുള്ള അംഗീകാരം യാംബു വ്യവസായ നഗരത്തിന് നേരത്തേ ലഭിച്ചിരുന്നു. രാജ്യത്തെ ശൈത്യകാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന അവധിക്കാല ഉത്സവങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

