ഹറം കവാടങ്ങളിലെ മുൻകരുതൽ നടപടികൾ പരിശോധിച്ചു
text_fieldsമസ്ജിദുൽ ഹറാം കവാടങ്ങളിലെ പ്രതിരോധ മുൻകരുതൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പരിശോധിക്കുന്നു
ജിദ്ദ: മസ്ജിദുൽ ഹറാം കവാടങ്ങളിലെ പ്രതിരോധ മുൻകരുതൽ നടപടികൾ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പരിശോധിച്ചു. നിർമാണ ജോലികൾ അവസാന ഘട്ടത്തിലെത്തിയ കിങ് അബ്ദുൽ അസീസ് കവാടവും പരിശോധിച്ചതിലുൾപ്പെടും. റമദാനിൽ ഹറമിലെത്തുന്നവർക്ക് കവാടം തുറന്നു കൊടുക്കുന്നതിെൻറ മുന്നോടിയാണ് കിങ് അബ്ദുൽ അസീസ് കവാടങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ചത്. കവാടത്തിെൻറ അവശേഷിക്കുന്ന ജോലികൾ ഇനി റമദാനിനു ശേഷമേ ആരംഭിക്കൂ. നിർമാണ ജോലികൾ ഏറ്റവും മികവാർന്ന രീതിയിൽ പൂർത്തിയാക്കിയ കവാടത്തിെൻറ എൻജിനീയർമാരെയും തൊഴിലാളികളെയും ഇരുഹറം കാര്യാലയ മേധാവി അഭിനന്ദിച്ചു. ഹറമിനെ സേവിക്കാൻ കൂടുതൽ സേവനങ്ങൾ നടത്താൻ അവരോട് ആവശ്യപ്പെട്ടു.
ഉംറക്കെത്തുന്നവർ നിശ്ചിത പാതകളും സാമൂഹിക അകലവും പാലിക്കണം
ജിദ്ദ: ഉംറക്കെത്തുന്നവർ ത്വവാഫിനിടയിൽ നിശ്ചിത പാതകളും സാമൂഹിക അകലവും പാലിക്കണമെന്ന് ഇരുഹറം കാര്യാലത്തിനു കീഴിലെ ക്രൗഡ് മാനേജ്മെൻറ് വകുപ്പ് മേധാവി എൻജിനീയർ ഉസാമ അൽഹുജൈലി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് വേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. സേവനങ്ങൾക്ക് ആവശ്യമായ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഉംറ സംഘങ്ങൾ ഹറമിൽ പ്രവേശിച്ചതു മുതൽ ഉംറ കർമം കഴിഞ്ഞ് തിരിച്ചുപോകുന്നതു വരെ നിരീക്ഷിക്കാൻ പ്രത്യേകം ആളുകളെയും നിയോഗിച്ചിട്ടുണ്ട്.
ത്വവാഫിനായി 18 പാതകളാണ് ഒരുക്കിയിരിക്കുന്നത്. ഒരോ പാതകളും സ്റ്റിക്കറുകൾ പതിച്ച് വേർതിരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. 14 പാതകൾ മത്വാഫിലാണ്. നാലെണ്ണം ഒന്നാം നിലയിലും. മുകളിലെ പാതകൾ ആവശ്യമാണെങ്കിൽ ഉപയോഗിക്കാനാണ്. 2000 പേർക്ക് ത്വവാഫിെൻറ സുന്നത്ത് നമസ്കാരത്തിനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ബാബുൽ ഫത്ഹിനടുത്ത് 500 പേർക്കും ഒന്നാം നിലയിൽ 1500 പേർക്കും നമസ്കരിക്കാനാകും. ഹറം മുറ്റങ്ങളിലെ പ്രവേശന കവാടങ്ങളിലും സാമൂഹിക അകലം പാലിക്കാൻ വേണ്ട സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്നും ഹറം ക്രൗഡ് മാനേജ്മെൻറ് വിഭാഗം മേധാവി പറഞ്ഞു.
മക്കയിൽ ശുചീകരണത്തിന് കൂടുതൽ പേർ
മക്ക: റമദാനിൽ മക്കയിലെ ശുചീകരണ ജോലികൾക്ക് മുനിസിപ്പാലിറ്റിക്ക് കീഴിൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു. ശുചീകരണ വിഭാഗത്തിനു കീഴിൽ 13,500ലധികം തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ വിവിധ വലുപ്പത്തിലുള്ള 910ലധികം ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
മക്കയുടെ വിവിധ ഭാഗങ്ങളിൽ അഞ്ച് ഷിഫ്റ്റുകളിലായാണ് ഇത്രയും തൊഴിലാളികൾ സേവനത്തിനുണ്ടാകുക. ഹറമിനടുത്ത സ്ഥലങ്ങളിലാണ് കൂടുതൽ പേരെ നിയോഗിച്ചിരിക്കുന്നത്. ശുചീകരണ ജോലികൾ കാര്യക്ഷമമാക്കാൻ സ്മാർട്ട് വേസ്റ്റ് സിസ്റ്റം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശുചീകരണ ജോലികൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും സജ്ജമാണെന്ന് മക്ക മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

