ലോക കേരളസഭയുടെ സാധ്യതകൾ തല്ലിക്കെടുത്തരുത്
text_fieldsകേരളം 2018 മുതൽ കെട്ടിപ്പടുത്ത ആഗോള മലയാളി കൂട്ടായ്മയായ ലോകകേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രവാസി നെറ്റ്വർക്കിെൻറ വലിയ സാധ്യതകളാണ് ഇല്ലാതാക്കുന്നത്. വെറുമൊരു ചടങ്ങോ ഔപചാരിക സമ്മേളനമോ ആയിരുന്നില്ല ലോകകേരളസഭ. പകരം, ലോകത്തിെൻറ വിവിധ കോണുകളിലുള്ള പ്രവാസി മലയാളികളെയും അവരുടെ പ്രശ്നങ്ങളെയും ചിന്തകളെയും ഒരേ പ്ലാറ്റ്ഫോമിൽ കോർത്തിണക്കിയ പ്രായോഗിക ആശയരൂപവത്കരണ വേദിയായിരുന്നു അത്.
ഭൂഖണ്ഡങ്ങളും രാജ്യങ്ങളും അടിസ്ഥാനമാക്കി മേഖലാതലത്തിൽ നടന്ന ചർച്ചകളിലൂടെ പ്രതിനിധികൾക്കിടയിൽ രൂപപ്പെട്ട സൗഹൃദവും വിശ്വാസവും ഒറ്റദിവസം കൊണ്ടുണ്ടായതല്ല. അത് ഇല്ലാതാക്കുന്നതിന് പകരം, അതിൽ അപാകതകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് പ്രവാസികളുടെ അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടാവരുത്.
അത്യാഹിതങ്ങളിലോ പ്രതിസന്ധി ഘട്ടങ്ങളിലോ അകപ്പെടുന്ന പ്രവാസി മലയാളികൾക്ക് മുന്നിലുള്ള വലിയൊരു സുരക്ഷാ വലയത്തെയാണ് സർക്കാരിെൻറ ഈ നീക്കം തകർക്കുന്നത്. മുമ്പ് ഉയർത്തിയ നിരുത്തരവാദപരമായ അഭിപ്രായങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ പിരിച്ചുവിടൽ നടപടി.
ലോകകേരളസഭ നേരിട്ട് പദ്ധതികൾ നടപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഏജൻസിയല്ല എന്ന വസ്തുത മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വിമർശനങ്ങളേറെയും ഉന്നയിക്കപ്പെടുന്നത്. ഇതൊരു പ്രതിനിധി സമ്പർക്ക, ആശയരൂപവത്കരണ വേദിയാണ്. പദ്ധതികൾ നടപ്പാക്കേണ്ട ചുമതല വിവിധ സർക്കാർ വകുപ്പുകൾക്കും നോർക്ക പോലെയുള്ള ഏജൻസികൾക്കുമാണ്.
അതിനാൽ, ഒരു മിനിസ്ട്രിയുടെയോ എക്സിക്യൂട്ടീവ് ഏജൻസിയുടെയോ മാനദണ്ഡങ്ങൾ വെച്ച് ഇതിെൻറ വിജയപരാജയങ്ങൾ അളക്കുന്നത് അടിസ്ഥാനപരമായി തെറ്റാണ്. സർക്കാർ ഫണ്ടുകളുടെ ഉപയോഗത്തിൽ പരമാവധി ലാളിത്യവും സുതാര്യതയും ഉറപ്പാക്കണം എന്നതിൽ തർക്കമില്ല. അതിൽ അപാകതകളോ വീഴ്ചകളോ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.
എന്നാൽ ചെലവ് ചുരുക്കലിെൻറയോ ഭരണപരമായ പാളിച്ചകളുടെയോ പേരിൽ ലക്ഷക്കണക്കിന് പ്രവാസികളെ ബന്ധിപ്പിക്കുന്ന ഒരു മുഴുവൻ മിഷനെയും അപ്പാടെ ഇല്ലാതാക്കുന്നത് ചികിത്സയ്ക്ക് പകരം രോഗിയെത്തന്നെ ഒഴിവാക്കുന്നതിന് തുല്യമാണ്. ഇത് പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമായിരിക്കും.
ലോകകേരളസഭ പൂർണമായി അവസാനിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് കേരള സർക്കാർ പിന്മാറേണ്ടതുണ്ട്. അതിലുണ്ടായ പാളിച്ചകളും പോരായ്മകളും സത്യസന്ധമായി വിലയിരുത്തി പരിഹരിക്കുകയും, കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു ഗ്ലോബൽ മലയാളി പ്ലാറ്റ്ഫോം രൂപപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. നിലവിലുള്ള നെറ്റ്വർക്കിനെ പൂർണമായി പൊളിച്ചുകളയുകയല്ല ഇതിനുള്ള പരിഹാരം.
ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകളും കൂട്ടായ്മയും നാടിെൻറ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും ഇനിയും അനിവാര്യമാണ്. അതിനുതകുന്ന വേദി ഇല്ലാതാക്കുന്ന നടപടിയെക്കുറിച്ച് സർക്കാർ പുനരാലോചിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

