ലഹരി ഗ്രസിച്ച കാലത്ത് ഉള്ളുലച്ച് ‘ഇരകള്‍’
text_fieldsഒ.ഐ.സി.സി വനിതാവേദി പരിപാടിയിൽ അരങ്ങേറിയ ‘ഇരകള്‍’ നാടകത്തിൽനിന്ന്
റിയാദ്: ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്യുന്ന ‘ഇരകള്‍’ എന്ന നാടകം റിയാദിൽ അരങ്ങേറി. അമ്മയുടെ രോദനവും മകളുടെ ശാഠ്യവും ഒടുവില്‍ ഒരു കഷ്ണം തുണിയില്‍ തൂങ്ങി ഒടുങ്ങുന്ന പതിത ജീവിതങ്ങളെയും രംഗത്ത് അവതരിപ്പിച്ച നാടകം റിയാദ് ഒ.ഐ.സി.സി വനിതാവേദി ഒരുക്കിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിലാണ് അരങ്ങേറിയത്. റിയാദ് കലാഭവൻ അവതരിപ്പിച്ച ഈ ലഘുനാടകം ഉളളുലക്കുന്ന കാഴ്ചയാണ് സദസ്സിന് പകർന്നുനൽകിയത്.
കുരുന്നുകളെ മയക്കുമരുന്നു വാഹകരാക്കുന്നതും അവരെ ലഹരിയടിമകളാക്കുന്നതും സമകാലിക കേരളത്തിലെ സംഭവങ്ങളെ ഓർമപ്പെടുത്തുന്ന രംഗാവിഷ്കാരമായി മാറി. കൗമാരത്തിന്റെ ചോരത്തിളപ്പ് ആളിക്കത്തിക്കുന്ന സൈബറിടങ്ങളും പെണ്‍കുട്ടികളെ ലൈഗിക ചൂഷണത്തിന് ഇരകളാക്കുന്ന ചതിക്കുഴികളും അനാവരണം ചെയ്യുന്ന രംഗങ്ങള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയുളളവരാകണമെന്ന സന്ദേശം കൂടി പങ്കുവെക്കുന്നു.
ഇരകളായി മാറുന്ന കുടുംബങ്ങളോട് യൂടൂബര്‍മാര്‍ പുലര്‍ത്തുന്ന അനൗചിത്യം രംഗാവിഷ്കരണത്തില്‍ തുറന്നുകാട്ടി. പൊലീസ് പുലര്‍ത്തുന്ന നിസംഗതയും പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ണുതുറപ്പിക്കുന്ന രംഗങ്ങളാണ്. പ്രവാസികളുടെ നെഞ്ചില്‍ കൂരമ്പായി തറക്കുന്ന സംഭാഷണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ദൈവം നല്കിയ മാതാപിതാക്കളെ കൊല്ലാന്‍ എം.ഡി.എം.എയോ കാഞ്ചാവോ ബ്രൗണ്‍ ഷുഗറോ എന്തുമാവട്ടെ, എന്തിനാണ് കാലാ അതിനെ ഏല്‍പ്പിച്ചതെന്ന ചോദ്യത്തോടെയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ‘ഇരകള്‍’ അവസാനിക്കുന്നത്.
ഷാരോണ്‍ ഷറീഫ് ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഭാവാഭിനയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് കാണികളെ കൊണ്ടുപോയ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത് ദില്‍ഷ വിനീഷ് ആണ്. മുഹമ്മദ് ഫഹീം അസ്ലം, മുഹമ്മദ് അല്‍നദീം അസ്ലം, ധ്രുവ് വിനീഷ്, റംഷി മുത്തലിബ്, അനിത്, അരുണ്‍ കൃഷ്ണ, സിന്‍ഹ ഫസിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്.
റിയാദ് കലാഭവന്‍ പ്രവര്‍ത്തകരായ അലക്സ് കൊട്ടാരക്കര (പശ്ചാത്തല നിയന്ത്രണം), സിജോ ചാക്കോ (കോഓഡിനേറ്റര്‍), വിജയന് നെയ്യാറ്റിന്‍കര (ക്യാമ്പ് നിയന്ത്രണം), ഷാജഹാന് കല്ലമ്പലം (കണ്ട്രോളര്), കൃഷ്ണകുമാര്‍ (മ്യൂസിക് റക്കോര്‍ഡിങ്), നിസാം പൂളക്കല്‍ (സാങ്കേതിക സഹായം), അസീസ് ആലപ്പി (ഓഫീസ് നിർവഹണം), ഷിബു ചെങ്ങന്നൂര്‍ (സാരഥി) എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

