പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് -തൻസീർ സ്വലാഹി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി തൻസീർ സ്വലാഹി സംസാരിക്കുന്നു
ജിദ്ദ: നമ്മുടെ രാജ്യത്ത് ഇതുവരെ നിലവിലുണ്ടായിരുന്ന വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കുന്നതല്ലെന്നും ഒരാളുടെയും സമ്പത്ത് അപഹരിക്കുന്നതല്ലെന്നും ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘വഖഫ്: വസ്തുതയെന്ത്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ട് തന്റെ മരണശേഷവും പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശ്യത്തിൽ വിശ്വാസികൾ ചെയ്യുന്ന ധർമമാണ് ‘വഖഫ്’. ആരാധനാലയങ്ങൾ, വഴിയാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിശ്രമകേന്ദ്രങ്ങൾ, പൊതുജനങ്ങൾക്കുള്ള കിണറുകൾ തുടങ്ങിയവയെല്ലാം വിശ്വാസികൾ വഖഫായി നൽകാറുണ്ട്.
ഏകദൈവാരാധകരായ പരലോകവിശ്വാസമുള്ള, കൃത്യമായി നമസ്കരിക്കുന്ന, സകാത്ത് നൽകുന്ന വിശ്വാസികളാണ് ഇത്തരം വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ മഹല്ല് കമ്മിറ്റികളോ ഖാദിമാരോ വഖഫ് ബോർഡോ ആണ് നിലവിൽ ഇതൊക്കെ നിയന്ത്രിച്ചുവരുന്നത്.
ഇപ്പോൾ കേന്ദ്രസർക്കാർ പാസാക്കിയ പുതിയ വഖഫ് നിയമം വഖഫിന്റെ ഉദ്ദേശങ്ങൾ തന്നെ തകിടം മറിക്കാൻ ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാനം തന്നെ നിലവിൽ വരുന്നതിന് മുമ്പ് ഫാറൂഖ് കോളജിന് ലഭിച്ച മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെടുത്തി ഇതൊക്കെ ന്യായീകരിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുവാനുമാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നതെന്നും നാം അത് മനസ്സിലാക്കി പ്രവർത്തിക്കണമന്നും അദ്ദേഹം ഉണർത്തി.
‘നന്ദിബോധത്തിന്റെ ജീവിത സൗന്ദര്യം’ എന്ന വിഷയത്തിൽ ഐ.എസ്.എം മലപ്പുറം ജില്ല മുൻ വൈസ് പ്രസിഡന്റ് നൗഷാദ് ഉപ്പട പ്രഭാഷണം നടത്തി. അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

