ഒരു മാസത്തിനുള്ളിൽ ഇരു ഹറമുകൾ സന്ദർശിച്ചവരുടെ എണ്ണം 5.3 കോടി കവിഞ്ഞു
text_fieldsമദീന: മക്ക മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഒരു മാസത്തിനിടയിൽ സന്ദർശനം നടത്തിയവരുടെ എണ്ണം 5.3 കോടി കവിഞ്ഞതായി റിപ്പോർട്ട്. ഇരു ഹറം സംരക്ഷണത്തിനായുള്ള ജനറൽ അതോറിറ്റി ഈ വർഷം റബിഉൽ അവ്വൽ മാസത്തിലെ സ്ഥിതിവിവരക്കണക്കിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഇരു ഹറമുകളിലുമായി ആകെ 53,572,983 ആരാധകരെയും സന്ദർശകരെയും സ്വീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി. അതോറിറ്റിയുടെ കണക്കനുസരിച്ച്, മക്കയിലെ മസ്ജിദുൽ ഹറാമിൽ 17,560,004 വിശ്വാസികളെത്തി. അതേ കാലയളവിൽ ഉംറ നിർവഹിച്ചവരുടെ എണ്ണം 12,146,516 ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം മദീനയിലെ പ്രവാചക പള്ളിയിലെത്തിയ വിശ്വാസികളുടെ എണ്ണം 20,701,560 ആണെന്നും ഇതിൽ റൗദ ശരീഫ് സന്ദർശിച്ചവർ 1,002,049 പേരാണെന്നും അധികൃതർ വെളിപ്പെടുത്തി. 2,071,101 സന്ദർശകർ മുഹമ്മദ് നബിയുടെയും ഖലീഫമാരായ അബൂബക്കർ, ഉമർ എന്നിവരുടെ ഖബറിടങ്ങളും സന്ദർശിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇരു ഹറം പള്ളികളിലെത്തുന്ന സന്ദർശകരെ നിരീക്ഷിക്കാൻ പ്രധാന കവാടങ്ങളിൽ നൂതന സെൻസർ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുവഴി തീർഥാടകരുടെ സാന്നിധ്യവും ഉംറ ചെയ്യുന്നവരുടെ എണ്ണവും വിലയിരുത്താൻ കഴിയും.
സാങ്കേതിക തികവുള്ള ഡാറ്റാധിഷ്ഠിത സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഇരു ഹറമുകളിലും പ്രാവർത്തികമാക്കുന്നതിനാൽ വിശ്വാസികൾക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും കൂടുതൽ ഒരുക്കാനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കഴിയുന്നുവെന്ന് അതോറിറ്റിസൂചിപ്പിച്ചു.
ഇരു ഹറമുകളിലെത്തുന്ന വിശ്വാസി ലക്ഷങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും വിവിധ സേവന ഏജൻസികളുമായി സഹകരിച്ച് തീർഥാടക സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഇരു ഹറം കാര്യാലയം ബ്രഹത്തായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

