‘നുസ്ക്’ ആപ് ഉപയോക്താക്കളുടെ എണ്ണം അഞ്ചുകോടി കവിഞ്ഞു
text_fieldsമദീന: ഹജ്ജ്-ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘നുസ്ക്’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി അഞ്ചുകോടി കവിഞ്ഞു. ആപ് ഉപയോക്താക്കളുടെ എണ്ണം നിലവിൽ അഞ്ചുകോടി ഒരു ലക്ഷം പിന്നിട്ടതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പ്രഖ്യാപിച്ചു. മദീനയിലെ കിങ് സൽമാൻ ഇൻറർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന ‘ഉംറ ആൻഡ് സിയാറ ഫോറ’ത്തിെൻറ മൂന്നാം പതിപ്പിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഈ പരിപാടിയിൽ പ്രാദേശിക-അന്തർദേശീയ കമ്പനികളുടെയും വ്യക്തികളുടെയും വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്. തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ നൽകുന്നതിനും മദീന മസ്ജിദുന്നബവിയിലെ ‘റൗദ’ ശരീഫ് സന്ദർശനത്തിന് അനുമതി തേടുന്നതിനും മന്ത്രാലയം വികസിപ്പിച്ച നുസ്ക് ആപ് നിർബന്ധമാണ്. യാത്രകൾ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കുന്ന 130-ലധികം ഡിജിറ്റൽ സേവനങ്ങളാണ് നുസ്ക് ആപ്പിലൂടെ ലഭ്യമാകുന്നത്. ഇരു ഹറമുകളിലെയും ജനസാന്ദ്രത പരിശോധിക്കുക, ആവശ്യമായ പിന്തുണ ഉറപ്പാക്കുക, സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഇതിലുണ്ട്. തീർഥാടകർക്കും ഹജ്ജ്-ഉംറ ഏജൻസികൾക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്ലാറ്റ്ഫോം സേവനങ്ങൾ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

