നിയോമിൽ അടുത്ത വർഷം പ്രോജക്ട് തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയരും -സി.ഇ.ഒ നള്മി അൽനസ്ർ
text_fieldsറിയാദിൽ നടന്ന സൗദി-ബ്രിട്ടീഷ് ‘ഗ്രേറ്റ് ഫ്യൂച്ചർ’ ഇനിഷ്യേറ്റീവ് കോൺഫറൻസിൽ നിയോം സി.ഇ.ഒ നള്മി അൽനസ്ർ സംസാരിക്കുന്നു
റിയാദ്: ഏകദേശം 1,40,000 തൊഴിലാളികൾ നിയോം പദ്ധതിയിൽ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് നിയോം സി.ഇ.ഒ നള്മി അൽനസ്ർ പറഞ്ഞു. റിയാദിൽനടന്ന സൗദി-ബ്രിട്ടീഷ് ‘ഗ്രേറ്റ് ഫ്യൂച്ചർ’ ഇനിഷ്യേറ്റീവ് കോൺഫറൻസിന്റെ ആദ്യദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം പ്രോജക്ട് തൊഴിലാളികളുടെ എണ്ണം രണ്ടുലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അൽനസ്ർ പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികൾക്ക് നിയോം മികച്ച ബിസിനസ് അവസരങ്ങൾ വാഗ്ധാനം ചെയ്യുന്നുണ്ട്. നിയോം പദ്ധതിയിൽ ജീവിത മിടിപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അവിടെ ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 5000 ത്തോളം മുഴുവൻ സമയ ജീവനക്കാരും ഞങ്ങൾക്കുണ്ടെന്നും അൽ നസ്ർ പറഞ്ഞു.
സൗദിയും ബ്രിട്ടനും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഗ്രേറ്റ് ഫ്യൂച്ചർ ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ സൗദിയിലെയും ബ്രിട്ടനിലെയും സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള 800 വ്യക്തികൾ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മേളനത്തിൽ രാജ്യത്തെ പ്രധാന പദ്ധതികളെക്കുറിച്ചും വിഷൻ 2030 ലെ അവയുടെ പങ്കിനെക്കുറിച്ചുമുള്ള പ്രത്യേക സെഷൻ ഒരുക്കിയിരുന്നു. അതിൽ നിയോം സി.ഇ.ഒ ക്ക് പുറമെ ഖിദ്ദിയ, ദിർഇയ, റെഡ്സീ, നിയോം പ്രോജക്ടുകളുടെ മേധാവികൾ എന്നിവർ സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

