മസ്ജിദുൽ ഹറാമിലെ തീർഥാടകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു
text_fieldsമസ്ജിദുൽ ഹറാമിൽ നമസ്കരിക്കുന്ന വിശ്വാസികൾ
മക്ക: റമദാനിലെ 20 നാളുകൾ പിന്നിട്ടപ്പോഴേക്കും മസ്ജിദുൽ ഹറാമിലെത്തിയ തീർഥാടകരുടെയും പ്രാർഥനക്കെത്തുന്നവരുടെയും എണ്ണം 30 ലക്ഷം കവിഞ്ഞതായി ഇരു ഹറം കാര്യാലയം വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കാലത്തെ നിയന്ത്രണങ്ങളോടെ 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽ വരെ മക്കയിലെത്തിയ ഉംറ തീർഥാടകരുടെ എണ്ണം 55 ലക്ഷവും ആരാധകരുടെ എണ്ണം 1.24 കോടിയും അടക്കം1.8 കോടി കവിഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
മക്കയിലെത്തുന്ന തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പ്രോജക്ട്സ് അധികൃതർ അറിയിച്ചു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചാണ് ഹറമിലേക്ക് തീർഥാടകരെ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞവർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഉംറ തീർഥാടനവും ത്വവാഫുമെല്ലാം നിർത്തിവെച്ചിരുന്നു. പിന്നീട് പ്രവേശനം അനുവദിച്ച ശേഷവും പരിമിതമായ തോതിലാണ് ആരാധകരെ പ്രവേശിപ്പിച്ചത്. ഈ വർഷം റമദാൻ ആദ്യം മുതൽ 'ഇഅ്തമർനാ', 'തവക്കൽനാ' എന്നീ ആപ്പുകൾ വഴി പെർമിറ്റ് എടുത്ത് വിശ്വാസികൾ ഉംറക്ക് എത്തുന്നുണ്ട്. സാമൂഹിക അകലവും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങളും പാലിച്ചാണ് ഉംറക്കെത്തുന്നവർ കഅ്ബാ പ്രദക്ഷിണവും സഫ-മർവ നടത്തവും പൂർത്തിയാക്കുന്നത്. ഈ വർഷത്തെ റമദാൻ നാളുകൾ അവസാനത്തിലേക്ക് അടുക്കുന്നതോടെ ആരാധകരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ മുന്നൊരുക്കങ്ങൾ ഹറമിൽ പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

