മദീനയിലെത്തിയ ഹജ്ജ് തീർഥാടകരുടെ എണ്ണം രണ്ട് ലക്ഷത്തോളമായി
text_fieldsജിദ്ദ: മദീനയിലെത്തിയ ഹജ്ജ് തീർഥാടകരുടെ എണ്ണം രണ്ട് ലക്ഷത്തോളമായി. തീർഥാടകരുടെ വരവ് ആരംഭിച്ചതു മുതൽ കഴിഞ്ഞ ദിവസംവരെ കര, വ്യോമ കവാടങ്ങൾ വഴി വിവിധ രാജ്യക്കാരായ 1,98,670 പേർ മദീനയിലെത്തിയതായി ഹജ്ജ്- ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 1,24,946 പേർ മദീന വിമാനത്താവളം വഴിയും 7,100 പേർ കരമാർഗവും എത്തിയവരാണ്. ഇന്തോനോഷ്യയിൽനിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പേർ. 40,364 പേർ ഇന്തോനോഷ്യയിൽനിന്ന് എത്തിയിട്ടുണ്ട്. 27,789 പേരുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്.
പാകിസ്താനിൽനിന്ന് 26,749 പേരും ബംഗ്ലാദേശിൽനിന്ന് 13,734 പേരും ഇറാനിൽനിന്ന് 13,004 പേരും എത്തിയവരിലുൾപ്പെടും. മദീന സന്ദർശനം കഴിഞ്ഞ 20,000 പേർ മക്കയിലേക്ക് നീങ്ങിയതായും ഹജ്ജ്- ഉംറ മന്ത്രാലയം പുറത്തിറക്കിയ കണക്കിലുണ്ട്.