ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ അപേക്ഷ നാല് ലക്ഷം കവിഞ്ഞു
text_fieldsFile Photo
ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാനുള്ള സൗദിക്കകത്തു നിന്നുള്ള സ്വദേശി, വിദേശി തീർഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അൽ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഒന്നര ലക്ഷം പേർക്കാണ് സൗദിയിൽ നിന്നും ഹജ്ജ് നിർവഹിക്കാൻ അവസരമുണ്ടാവുക.
ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. നേരത്തെ ജൂൺ 11 ശനിഴാഴ്ച വരെയാണ് രജിസ്ട്രേഷന് അനുവദിക്കുക എന്നറിയിച്ചിരുന്നെങ്കിലും രജിസ്‌ട്രേഷൻ ജൂൺ 12 ഞായർ വരെ നീട്ടിയതായാണ് ഹജ്ജ്, ഉംറ വെബ്സൈറ്റിലും സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം ഹജ്ജ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ലഭിക്കുന്ന മുന്നറിയിപ്പ് എസ്.എം.എസ് സന്ദേശത്തിലും പറയുന്നത്.
https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ അറിയിപ്പ് കിട്ടുന്ന മുറക്ക് 48 മണിക്കൂറിനുള്ളിൽ പണം അക്കേണ്ടി വരും.